മിശിഹയ്ക്ക് കിരീടധാരണം: അര്‍ജന്റീനയ്ക്ക് ആശംസയുമായി മുഖ്യമന്ത്രി, കടകംപള്ളിയെ ട്രോളി എംഎം മണിയും

  • 11/07/2021

തിരുവനന്തപുരം: കോപ്പ അമേരിക്ക ഫൈനല്‍ മല്‍സരത്തില്‍ ബ്രസീലിനെ തോല്‍പ്പിച്ച് കപ്പ് കരസ്ഥമാക്കിയ അര്‍ജന്റീന ടീമിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. അതിര്‍ത്തികള്‍ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്‌ബോളിന്റെ സൗന്ദര്യം. അര്‍ജന്റീനയ്ക്കും ബ്രസീലിനും വേണ്ടി ആര്‍ത്തുവിളിക്കാന്‍ ലക്ഷക്കണക്കിനാളുകള്‍ ഇങ്ങ് കേരളത്തിലും ഉള്ളത് ആ കാരണം കൊണ്ടാണ്. ഇന്ന് നടന്ന കോപ്പ അമേരിക്ക ഫൈനല്‍ മല്‍സരം ആ യാഥാര്‍ത്ഥ്യത്തിന് അടിവരയിടുന്നുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

അര്‍ജന്റീനയുടെ വിജയവും ലയണല്‍ മെസി എന്ന ലോകോത്തര താരത്തിന്റെ കിരീടധാരണവും എത്രമാത്രം സുന്ദരം! ഫുട്‌ബോള്‍ എന്ന ഏറ്റവും ജനകീയമായ കായികവിനോദത്തിന്റെ സത്ത ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്കാകട്ടെയെന്നും ഫുട്‌ബോള്‍ ആരാധകരുടെ സന്തോഷത്തില്‍ കൂട്ടത്തിലൊരാളായി താനും പങ്കു ചേരുന്നതായും മുഖ്യമന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.
mm mabb.jpg

കോപ്പ അമേരിക്ക കിരീടം മെസിപ്പട സ്വന്തമാക്കിയതിന്റെ ആഹ്ലാദം ഉടുമ്പന്‍ചോലയിലെ വീട്ടിലിരുന്നാണ് മുന്‍മന്ത്രിയും എം.എല്‍.എയുമായ എം.എം മണി ആഘോഷിച്ചത്. ചിരിച്ചും ആവേശംകൊണ്ടും അര്‍ജന്റീനയുടെ വിജയഗോള്‍ മണിയാശാന്‍ ആഘോഷമാക്കി.'ആശാനെ മെസി ചതിച്ചില്ല അണ്ണാ' എന്ന ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഫുട്‌ബോള്‍ ആരാധകരുടെ ആവേശവും തോല്‍വിയുടെ മറുപടികളും നിറയുകയാണ്. ബ്രസീല്‍ അര്‍ജന്റീന ആരാധകര്‍ ഒപ്പത്തിനൊപ്പമുണ്ട്.

അതേസമയം ബ്രസീലിനോട് മറുപടി പറയാനും ആശാന്‍ മറന്നില്ല.'നമ്മളെ അനാവശ്യമായി ചൊറിയാന്‍ വന്നാ നമ്മളങ്ങ് കേറി മാന്തും, അല്ല പിന്നെ', എം. എം മണി ഫേസ്ബുക്കില്‍ കുറിച്ചു.അര്‍ജന്റീന ജയിക്കുമെന്ന് ഉറച്ച് പറഞ്ഞ അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിലടക്കം ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശമായിരുന്നു. ബ്രസീല്‍ നന്നായി കളിച്ചു. അവര്‍ ഒരു ഗോളിനല്ലേ തോറ്റത്. അവര്‍ കൂടുതല്‍ കരുത്തോടെ തിരിച്ചുവരാന്‍ നോക്കുക. അങ്ങനല്ലേ? ഇതൊരു മത്സരവാ. ഇതിനകത്ത് വിദ്വേഷത്തിന്റെ ഒന്നും പ്രശ്‌നമില്ലല്ലോ', ആശാന്‍ പറഞ്ഞു.

Related News