ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ പരിശുദ്ധ കാതോലിക്ക ബാവ വിടവാങ്ങി; അനുശോചിച്ച് കേരളം

  • 12/07/2021

തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നിര്യാണത്തില്‍ അനുശോചിച്ച് കേരളം. അര്‍ബുദ ബാധിതനായി പരുമല ആശുപത്രിയില്‍ ചികിത്സയിലായിലിരിക്കെ ഇന്ന് പുലര്‍ച്ചെ 2.35 നാണ് ഓര്‍ത്തഡോക്‌സ് സഭാഅധ്യക്ഷന്‍ വിടവാങ്ങിയത്.

75 വയസായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യസ്ഥിതി മോശമായിരുന്ന ബാവയുടെ ചികിത്സ വെന്റിലേറ്ററിലായിരുന്നു. മൃതദേഹം വൈകിട്ട് ആറുവരെ പരുമല സെമിനാരിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്തേക്ക് കൊണ്ടുപോകും. സംസ്‌കാരം നാളെ വൈകിട്ട് 3ന് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഉമ്മന്‍ ചാണ്ടി, മുന്‍മന്ത്രി മാത്യു ടി.തോമസ്, എംഎല്‍എ പി.ജെ ജോസഫ്, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള, മന്ത്രി വി.എന്‍ വാസവന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, ഗായിക കെ.എസ് ചിത്ര എന്നിവര്‍ അനുശോചിച്ചു.

സാധാരണക്കാര്‍ക്കൊപ്പം ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുശോചിച്ചു. പാവപ്പെട്ടവര്‍ക്ക് വേണ്ടി സാധാരണക്കാര്‍ക്ക് വേണ്ടി കാതോലിക്കാ ബാവ ചെയ്ത കാര്യങ്ങള്‍ അനുസ്മരിക്കുന്നതായി ഉമ്മന്‍ചാണ്ടി പറഞ്ഞു. സമുദായ സാഹോദര്യം പുലര്‍ത്തിയ വ്യക്തിയായിരുന്നു കാതോലിക്കാ ബാവയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. സമൂഹവുമായി നല്ല ബന്ധം പുലര്‍ത്തിയ മതേതര നിലപാടുള്ള വ്യക്തിയായിരുന്നു കാതോലിക്ക ബാവയെന്ന് വി.ഡി സതീശന്‍ പറഞ്ഞു. ആധ്യാത്മികതയില്‍ അടിയുറച്ച് ക്രിസ്തുവിന് സാക്ഷ്യം നല്‍കിയ മഹോന്നത വ്യക്തിയായിരുന്നു കാതോലിക്കാ ബാവയെന്ന് പി ജെ ജോസഫ് സ്മരിച്ചു.

സൗമ്യശീനലായ വ്യക്തിയായിരുന്നു ബാവയെന്ന് പി.എസ് ശ്രീധരന്‍പിള്ള അനുസ്മരിച്ചു. കാതോലിക്കാ ബാവാ സ്ഥാനോരോഹണം ചെയ്ത് ചുമതല ഏല്‍ക്കുന്ന സന്ദര്‍ഭം മുതല്‍ നല്ല സൗഹൃദം പങ്കിടാന്‍ സാധിച്ചതായി മന്ത്രി വി.എന്‍ വാസവന്‍ ഓര്‍മിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ബാവ നിരന്തരം ഇടപെട്ടിരുന്നതായും മന്ത്രി പറഞ്ഞു.

Related News