കേരളത്തിലെ ദേശസാൽകൃത ബാങ്കുകൾ വഴി കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്ത് സ്വർണ്ണം വെളുപ്പിച്ചതായി കണ്ടെത്തൽ

  • 14/07/2021


തിരുവനന്തപുരം: സംസ്ഥാനത്തെ ദേശസാൽകൃത ബാങ്കുകൾ മുഖേന കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്ത് സ്വർണ്ണം വെളുപ്പിച്ചതായി കണ്ടെത്തൽ. പല ബാങ്കുകളുടെ ലോക്കറുകളിലും അനധികൃതമായി സ്വർണ്ണം സൂക്ഷിച്ചിട്ടുമുണ്ട്. ബാങ്ക് മാനേജർമാരുടെ ഒത്താശയോടെയാണ് ഇത്.

വ്യാജ പേരിൽ തിരുവന്തപുരത്തെ ബാങ്കുകളിൽ നിരവധി അക്കൗണ്ടുകൾ തുടങ്ങിയതിന്റേ വിവരം അന്വേഷണ ഏജൻസികൾക്ക് കിട്ടിയിരുന്നു. കണ്ണൂർ, കാസർകോട് എറണാകുളം എന്നിവിടങ്ങളിലെ ബാങ്കുകളിലും ഇത്തരം അക്കൗണ്ടുകൾ ഉണ്ട്.

ചെന്നെയിലെ ഒരു ട്രാവൽ ഏജൻസിയുടെ പേരിൽ സെക്രട്ടറിയേറ്റിനു സമീപമുള്ള ബാങ്കിൽ എടുത്ത അക്കൗണ്ടിലൂടെ കോടികളുടെ ഇടപാടുകളാണ് നടന്നത്. കവടിയാർ, വലിയവിള, മരുതംകുഴി എന്നിവിടങ്ങളിലെ ദേശസാത്കൃത ബാങ്കുകളിലും അക്കൗണ്ടും ലോക്കറും വ്യാജപേരുകളിൽ എടുത്തിട്ടുണ്ട്. ബാങ്ക് മാനേജർമാരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.

മരുതംകുഴിയിലെ ബാങ്കിൽ ലക്ഷങ്ങൾ നിക്ഷേപിക്കുകയും ലോക്കറിൽ കിലോകണക്കിന് സ്വർണ്ണം സൂക്ഷിക്കുകയും ചെയത് ആൾ ചെന്നെ വടപഴനി, മാമ്പലം എന്നിവിടങ്ങളിലെ ബാങ്കുകളിലും നിക്ഷേപവും ലോക്കറും ഉണ്ട്. 2011, 12 വർഷങ്ങളിൽ വൻ തോതിൽ ഈ അക്കൗണ്ടുകളിലേക്ക് പണം വന്നിരുന്നു.

സ്വർണ്ണം നിക്ഷേപിക്കാനായി ലോക്കർ സൗകരം ഉപയോഗിച്ചവരുടെ അക്കൗണ്ടുകൾ സീറോ ബാലൻസ് ആണ്. സാധാരണ നല്ല ഇടപാടുകാർക്കാണ് ബാങ്കുകൾ ലോക്കർ സൗകര്യം നൽകുക. കള്ളവിലാസത്തിൽ സീറോ ബാലൻസ് അക്കൗണ്ടുാർക്ക് ലോക്കർ നൽകിയത് ദുരുദ്ദേശത്തോടെയാണ്. സ്വർണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ട അറസ്റ്റിലായ അർജ്ജുൻ ആയങ്കിയുടെ ഭാര്യയുടെ പേരിലും ലോക്കർ ഉണ്ട്. അവരുടെ അക്കൗണ്ടും സീറോ ബാലൻസ് ആണ്. സംശയമുള്ള അക്കൗണ്ടുകൾ മരവിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിർദ്ദേശിച്ചിരിക്കുകയാണ്.

ബാങ്കുകൾ മുഖേന കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്തു സ്വർണ്ണം വെളുപ്പിച്ചെടുത്തതായും കണ്ടെത്തിയിട്ടുണ്ട്. സ്വർണ്ണം പണയം വെച്ച് വൻ തുക ബാങ്കിൽ നിന്ന് വാങ്ങും. പണയം തിരിച്ചെടുക്കില്ല. സ്വർണ്ണം ബാങ്ക് ലേലത്തിൽ വെക്കും. പണയം വെച്ചവരുടെ തന്നെ ആളുകൾ ലേലം പിടിക്കും. സഹകരണ ബാങ്കുകളിലോ കെ എസ്എഫ്‌ഐയിലോ ഉള്ള നിക്ഷേപം ഉപയോഗിച്ചാണ് ലേലം പിടിക്കുക. അതോടെ സ്വർണ്ണം നിയമവിധേയമായതായി മാറും.

Related News