സിക്ക വൈറസ്: കേരളത്തിൽ എട്ട് പേർ ചികിത്സയിൽ, ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി

  • 15/07/2021


തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കൊതുക് നശീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചതായി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഡെങ്കിപ്പനി കേസുകൾ കുറവാണ്. എന്നാൽ വ്യാപന സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും കൊതുക് നിർമാർജ്ജന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. സിക വൈറസ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ ഒന്നടങ്കം ഫോഗിങ് നടത്തുമെന്നും സിക വൈറസ് അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.
 
സംസ്ഥാനത്ത് നിലവിൽ സിക വൈറസ് ബാധ നിയന്ത്രണവിധേയമാണ്. എട്ടു പേർ മാത്രമാണ് ചികിത്സയിലുള്ളത്. ഇതിൽ മൂന്ന് പേർ ഗർഭിണികളാണ്. സിക വൈറസിനെ നേരിടാൻ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതുവരെ 28 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. തിരുവനന്തപുരം ഒഴികെയുള്ള മറ്റു ജില്ലകളിൽ സിക കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രതിരോധ പ്രവർത്തനങ്ങളുടെ വിജയമാണെന്നും മന്ത്രി പറഞ്ഞു.
 
കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഹോം ക്ലസ്റ്റുകൾ വർധിക്കുന്നതായി മന്ത്രി ആശങ്ക രേഖപ്പെടുത്തി. വീടുകളിൽ കൊറോണ വ്യാപനം വർധിക്കുന്നുണ്ട്. കൊറോണ ബാധിച്ചവർ വീടുകളിൽ ക്വാറന്റൈൻ കൃത്യമായി പാലിക്കണം. ശുചിമുറിയുള്ള മുറി ഉണ്ടെങ്കിൽ മാത്രമേ വീടുകളിൽ ക്വാറന്റൈനിൽ ഇരിക്കാൻ പാടുള്ളൂ. അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈൻ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

Related News