രാജ്യത്തെ പ്രതിദിന കോവിഡ് കണക്കില്‍ കേരളം മുന്നില്‍; റിപ്പോര്‍ട്ട് ചെയ്തതില്‍ 40 ശതമാനം രോഗികളും സംസ്ഥാനത്ത് നിന്ന്

  • 18/07/2021

ന്യൂഡല്‍ഹി:രാജ്യത്ത് പ്രതിദിന കൊവിഡ് രോഗനിരക്കില്‍ നേരിയ വര്‍ദ്ധന. ശനിയാഴ്ചത്തേതിനെക്കാള്‍ 7.4 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 41,157 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 518 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.13 ശതമാനമാണ്.രാജ്യത്തെ ആക്ടീവ് കേസുകള്‍ 1.36 ശതമാനമാണ്. 4,22,660 കേസുകളാണ് രാജ്യത്തുളളത്. 24 മണിക്കൂറിനിടെ കൊവിഡ് മുക്തി നേടിയവര്‍ 42,004 ആണ്. ഇതോടെ ആകെ രോഗമുക്തി നിരക്ക് 97.31 ശതമാനമായി.

പ്രതിദിന കണക്ക് നോക്കിയാല്‍ ഏറ്റവുമധികം കൊവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. 16,148 രണ്ടാമതുളള മഹാരാഷ്ട്രയില്‍ നേര്‍പകുതിയാണ് എണ്ണം 8172. തമിഴ്‌നാട്ടില്‍ 2205 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തതില്‍ 40 ശതമാനം രോഗികളും കേരളത്തിലാണ്. മരണനിരക്കില്‍ പക്ഷെ മുന്നില്‍ മഹാരാഷ്ട്രയാണ്. 124 മരണങ്ങള്‍. രണ്ടാമതുളള കേരളത്തില്‍ 114 പേരാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ 3.02 കോടി ജനങ്ങളാണ് രോഗമുക്തി നേടിയത്.

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് മാസത്തോടെയുണ്ടാകുമെന്നാണ് കരുതുന്നതെന്ന് ഐസിഎംആര്‍ മുന്‍പ് അറിയിച്ചിരുന്നു. രോഗവ്യാപനത്തെ പ്രതിരോധിക്കാന്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കാനുളള ശ്രമത്തിലാണ് സര്‍ക്കാരെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ രാജ്യത്ത് 40.49 കോടി ഡോസ് വാക്‌സിനുകളാണ് നല്‍കിയത്.


Related News