ഫോൺ ചോർത്തപ്പെട്ടവരിൽ മലയാളി മാധ്യമ പ്രവർത്തകരും

  • 19/07/2021



ദില്ലി: പെ​ഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോ​ഗിച്ച് പ്രമുഖ വ്യക്തികളുടെ ഫോൺ ചോർത്തിയ സംഭവത്തിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തു വരുമെന്ന് മുതിർന്ന മലയാളി മാധ്യമപ്രവർത്തകൻ ജെ.​ഗോപീകൃഷ്ണൻ. പെ​ഗാസസ് സ്പൈവേർ വഴി ഫോൺ ചോർത്തപ്പെട്ട നാൽപ്പത് മാധ്യമപ്രവർത്തകരുടെ പട്ടികയിൽ മലയാളിയായ ജെ.​ഗോപീകൃഷ്ണനും ഉണ്ട്. മനുഷ്യാവകാശ പ്രവർത്തകനായ ജെയ്സണ് സി കൂപ്പറുടെ ഫോണും ചോർത്തപ്പെട്ടവരുടെ പട്ടികയിലുണ്ട്. ഇതോടൊപ്പം മലയാളി മാധ്യമപ്രവർത്തകരായ സന്ദീപ് ഉണ്ണിത്താൻ, എംകെ വേണു എന്നിവരുടെ ഫോണുകളും ചോർത്തപ്പെട്ടിട്ടുണ്ട്.  

ആകെ അഞ്ച് ഘട്ടങ്ങളായാണ് പെ​ഗാസസ് ചോർച്ചയുടെ വിവരങ്ങൾ ഇന്ത്യയിലെ ദ വൈർ അടക്കം 16 മാധ്യമങ്ങളുടെ കൂട്ടായ്മ പുറത്തു വിടുക. ആദ്യഘട്ടത്തിലെ വിവരങ്ങൾ മാത്രമാണ് ഇന്ന് പുറത്തു വന്നത്. വരും ദിവസങ്ങളിൽ ചോർച്ചയുടെ വ്യാപ്തി വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തു വരും. സുപ്രീംകോടതി ജഡ്ജിമാരും കൂടുതൽ കേന്ദ്രമന്ത്രിമാരും ആർഎസ്എസിലെ പ്രമുഖ നേതാക്കളുമെല്ലാം പെ​ഗാസസ് ആക്രമണത്തിന് വിധേയമായിട്ടുണ്ട് - ​ഗോപീകൃഷ്ണൻ പറഞ്ഞു.
images (1).jpeg

ജെ.​ഗോപീകൃഷ്ണന്റെ വാക്കുകൾ:

എന്നെ സംബന്ധിച്ച് ഇതൊരു പുതിയ കാര്യമല്ല. 2009- മുതൽ എൻ്റെ ഫോണും മെയിലുമെല്ലാം ടാപ്പ് ചെയ്യുന്നതായി എനിക്ക് അറിയാം. ഇപ്പോൾ വന്നിരിക്കുന്നത് മാധ്യമപ്രവർത്തകരുടെ മാത്രം പട്ടികയാണ്. എന്നാൽ ഇനിയുള്ള നാല് ദിവസങ്ങളിൽ കൂടുതൽ പേരുടെ വിവരങ്ങൾ കൂടുതൽ വരാനുണ്ട്. അതിൽ നാലോ അഞ്ചോ കേന്ദ്രമന്ത്രിമാരും മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഉന്നത ഉദ്യോ​ഗസ്ഥരും ഭരണഘടനാ പദവിയിലുള്ളവരും സിബിഐ, ഇൻകംടാക്സ് അടക്കമുള്ള വകുപ്പിലെ ഉന്നതർ ഇവരുടെയെല്ലാം ഫോണുകൾ ടാപ്പ് ചെയ്തുവെന്നാണ് കരുതുന്നത്. 

പെ​ഗാസസ് സ്പൈവേർ വികസിപ്പിച്ച എൻഎസ്ഒ ടെക്നോളജീസ് എന്ന കമ്പനി 2017-ലെ ടാപ്പിം​ഗുമായി ബന്ധപ്പെട്ട് യുഎസ് കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിൽ പറയുന്നത്. രാഷ്ട്രസുരക്ഷ, തീവ്രവാദം, മയക്കുമരുന്ന് കടത്ത്, കുറ്റവാളികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഭരണകൂടങ്ങൾക്ക് മാത്രമാണ് പെ​ഗാസസ് സേവനം ലഭ്യമാക്കിയിട്ടുള്ളതെന്ന് എന്നാണ്. രഹസ്യാന്വേഷണ ഏജൻസികൾ നടത്തുന്ന അനധികൃത ടാപ്പിം​ഗിന് ഒരിക്കലും തെളിവുണ്ടാക്കില്ല.

അടുത്ത രണ്ടോ മൂന്നോ ദിവസത്തിൽ ആരെങ്കിലും സുപ്രീംകോടതിയിൽ പോയി ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടാൽ അതു സർക്കരിനെ പ്രതിരോധത്തിലാക്കും. പ്രത്യേകിച്ച് പാർലമെൻ്റ അന്വേഷണം നടക്കുന്ന ഈ സമയത്ത്. പാർലമെൻ്റിൽ ഈ വിവാദത്തെക്കുറിച്ച് സംസാരിക്കേണ്ടത് ആഭ്യന്തരമന്ത്രിയാണ്. സാധാരണ നിലയിൽ ഒരു മന്ത്രിയും ഫോൺ ടാപ്പിം​ഗ് നടത്തുന്നതായി സമ്മതിക്കില്ല. ഐടി ചട്ടം അനുസരിച്ച് അഭ്യന്തര സെക്രട്ടറിയുടെ അനുമതിയോടെ സംസ്ഥാന-കേന്ദ്രസർക്കാരുകൾക്ക് ഫോൺ ടാപ്പ് ചെയ്യാം എന്നാണ്. എന്നാൽ രഹസ്യാന്വേഷണ ഏജൻസികളും സൈന്യവും എല്ലാം ആരുടേയും അനുമതിയില്ലാതെ ഫോൺ ചോർത്തുന്നുണ്ട്. എന്നാൽ അതിലേറെ ​ഗുരുതരമാണ് ഈ വിഷയം. ഇവിടെ സുപ്രീംകോടതി ജഡ്ജിമാരുടേയും ആർഎസ്എസ് നേതാക്കളുടേയെല്ലാം ഫോൺ ചോർത്തപ്പെട്ടു എന്നു പറയുമ്പോൾ അതിൻ്റെ വ്യാപ്തി വളരെ വലുതാണ്. 

Related News