ക്ലബ്ഹൗസില്‍ കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്നു; നടപടി വേണമെന്ന് ബാലാവകാശ കമ്മീഷന്‍

  • 22/07/2021


തിരുവനന്തപുരം: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ക്ലബ്ബ് ഹൗസിന് മുന്നറിയിപ്പുമായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍. ക്ലബ്ബ് ഹൗസിലെ പരിപാടികളില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് ഐടി സെക്രട്ടറി, ഡിജിപി ഉള്‍പ്പെടെ എട്ട് പേര്‍ക്ക് ബാലാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു.

ഇതോടൊപ്പം ക്ലബ്ബ് ഹൗസ് പ്ലാറ്റ്‌ഫോമുകളില്‍ തുടര്‍ച്ചയായ സൈബര്‍ പട്രോളിംഗ് നടത്തുന്നതിനും വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതിനുള്ളില്‍ നടക്കുന്ന നിയമവിരുദ്ധ നടപടികള്‍ തടയുന്നതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായ മാര്‍ഗരേഖ തയ്യാറാക്കി നല്‍കണമെന്നും ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. 18 വയസില്‍ താഴെയുള്ളവര്‍ ക്ലബ്ബ് ഹൗസില്‍ അക്കൗണ്ട് തുറക്കുന്നില്ലെന്ന് ഉറപ്പാക്കണം. ക്ലബ് ഹൗസ് അംഗങ്ങളായ മുതിര്‍ന്ന ആളുകള്‍ ഇതിനുള്ളില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി ലൈംഗികച്ചുവയോടെ സംസാരിക്കുകയും അവരെ അനാശാസ്യത്തിലേയ്ക്ക് ക്ഷണിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Related News