ഉന്നതന്റെ കോള്‍ എത്തി, ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി എട്ട് കിലോമീറ്റര്‍ തിരിച്ചോടി

  • 22/07/2021

കണ്ണൂര്‍: ഉന്നതന്റെ കോള്‍ വന്നു, ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ എക്‌സ്പ്രസ് എട്ടു കിലോമീറ്ററോളം തിരിച്ചോടി.ബംഗളൂരുവില്‍ നിന്നു മൈസൂരു, വിരാജ്‌പേട്ട, ഇരിട്ടി, മട്ടന്നൂര്‍, കൂത്തുപറമ്പ്, തലശ്ശേരി വഴി കണ്ണൂരിലേക്കുള്ള ബസാണ് ഉന്നതന്റെ വിളിയെത്തുടര്‍ന്നു യാത്രക്കാരെ വലച്ച് തിരിച്ചോടിയത്. 

ബസ് കഴിഞ്ഞ 14നു വൈകിട്ടോടെ ഇരിട്ടി ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ഏച്ചൂര്‍ വഴി പോകാമോ എന്ന് ഒരാള്‍ അന്വേഷിച്ചിരുന്നു. റൂട്ട് ഏച്ചൂര്‍ വഴിയല്ലെന്നു പറയുകയും ചെയ്തു. കൂത്തുപറമ്പിലും തലശ്ശേരിയിലുമെല്ലാം ഇറങ്ങാനുള്ള യാത്രക്കാര്‍ ബസില്‍ അപ്പോഴുണ്ടായിരുന്നു. ഇരിട്ടിയില്‍ നിന്നു പുറപ്പെട്ട് ബസ് ഉളിയില്‍ ഭാഗത്തെത്തിയപ്പോള്‍ ബസ് ജീവനക്കാരെത്തേടി ഒരു ഫോണ്‍ വിളിയെത്തിയതായി യാത്രക്കാര്‍ പറയുന്നു. 

ഏച്ചൂര്‍ വഴി പോകേണ്ട യാത്രക്കാരനെ ബസില്‍ കയറ്റണമെന്നു നിര്‍ദേശിച്ചായിരുന്നു വിളി. അപ്പോഴേക്കും ബസ് എട്ടു കിലോമീറ്ററോളം പിന്നിട്ടിരുന്നു. ഇതോടെ ജീവനക്കാര്‍ ബസ് തിരിച്ചുവിട്ടു. മറ്റു യാത്രക്കാര്‍ പ്രതിഷേധം തുടങ്ങി. തിരിച്ചോടി ബസ് ഇരിട്ടിയിലെത്തിയപ്പോള്‍ 'യാത്രക്കാരന്‍' അവിടെ ഉണ്ടായിരുന്നില്ല. ജീവനക്കാരും ബസിലെ യാത്രക്കാരും വലഞ്ഞതു മിച്ചം. 

ഏച്ചൂരില്‍ പോകേണ്ട യാത്രക്കാരനെ കണ്ടെത്താനായില്ലെന്ന വിവരം ജീവനക്കാര്‍ ആരെയോ വിളിച്ചു പറഞ്ഞശേഷമാണ് ബസ് വീണ്ടും പുറപ്പെട്ടത്. വിളിച്ചത് ആരെന്നും ആര്‍ക്കുവേണ്ടിയാണ് ഇത്രയും ദൂരം ബസ് തിരികെ ഓടിച്ചതെന്നുമെല്ലാം അന്വേഷിച്ചെങ്കിലും ജീവനക്കാര്‍ ഉത്തരം നല്‍കിയില്ലെന്നു യാത്രക്കാര്‍ പറയുന്നു. എന്നാല്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാന്‍ കെഎസ്ആര്‍ടിസി അധികൃതര്‍ തയാറായില്ല.

Related News