മുഹമ്മദിന്റെ ചികിത്സാ ഫണ്ടിലേക്ക് ലഭിച്ചത് 46.78 കോടി രൂപ: ബാക്കി തുക എംഎംഎ ബാധിച്ച മറ്റുകുട്ടികള്‍ക്ക്

  • 25/07/2021

കണ്ണൂർ: അപൂർവ്വ രോഗം ബാധിച്ച കണ്ണൂരിലെ ഒന്നരവയസ്സുകാരൻ മുഹമ്മദിന്റെ ചികിത്സാ ഫണ്ടിലേക്ക് ലഭിച്ചത് 46.78 കോടി രൂപ. ലോകമെമ്പാടുമുള്ള 7,77,000 പേർ കൈമാറിയ തുകയാണിത്. മുഹമ്മദിന്റെയും സഹോദരി അഫ്രയുടെയും ചികിത്സയ്ക്ക് ആവശ്യമായ തുക മാറ്റിവെച്ച് ബാക്കി തുക സർക്കാരുമായി ആലോചിച്ച് സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച മറ്റു കുട്ടികളുടെ ചികിത്സയ്ക്ക് നൽകുമെന്നും ചികിത്സാ സമിതി വ്യക്തമാക്കി.

രണ്ടു ബാങ്കുകളിലെ അക്കൗണ്ടുകളിലൂടെയും ഓഫീസിലും വീട്ടിലും നേരിട്ടും എത്തിച്ചതടക്കമാണ് 46.78 കോടി രൂപ . ഒരു രൂപമുതൽ അഞ്ച് ലക്ഷം രൂപവരെ ഓരോരുത്തരും നൽകിയിട്ടുണ്ട്. മുഹമ്മദിനുള്ള മരുന്ന് ഓഗസ്റ്റ് ആറിന് അമേരിക്കയിൽനിന്ന് നാട്ടിലെത്തുമെന്നും കുടുംബം വ്യക്തമാക്കി.

കണ്ണൂർ മാട്ടൂൽ സ്വദേശികളായ റഫീഖിന്റെയും മറിയുമ്മയുടെയും മകനാണ് മുഹമ്മദ്. രോഗം ബാധിച്ച് നടക്കാനാവാത്ത സ്ഥിതിയിലാണ് മുഹമ്മദ്. മുഹമ്മദിന്റെ സഹോദരി 15 വയസ്സുകാരി അഫ്രയ്ക്ക് നേരത്തെ ഈ അസുഖം സ്ഥിരീകരിച്ചിരുന്നു. അതിനു പിന്നാലെ കുഞ്ഞനുജൻ മുഹമ്മദിനും രോഗം സ്ഥിരീകരിച്ചതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു കുടുംബം.

Related News