ബാങ്കിന് മുന്നില്‍ വരിനിന്നയാള്‍ക്ക് പിഴ; ചോദ്യം ചെയ്ത പെണ്‍കുട്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്: പ്രതിഷേധം ശക്തം

  • 27/07/2021



തിരുവനന്തപുരം: ബാങ്കിനു മുന്നില്‍ ക്യൂ നിന്നയാള്‍ക്ക് കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരില്‍ പെറ്റി എഴുതിയത് ചോദ്യം ചെയ്ത 18 വയസ്സുകാരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് നടപടിക്കെതിരെ ജനരോഷം ശക്തം. പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന ചടയമംഗലം ഇടുക്കുപാറ സ്വദേശി ഗൗരിനന്ദയ്ക്ക് എതിരെയാണ് കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ച് ചടയമംഗലം പോലീസ് കേസ് എടുത്തത്.

ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം ശക്തമായിരിക്കുകയാണ്. കേരള പൊലീസിന്റെ ഔദ്യോഗിക പേജില്‍ നിറയെ പ്രതിഷേധം നിറഞ്ഞ കമന്റുകളാണ്. 'മദ്യവില്‍പ്പന ശാലയ്ക്ക് മുന്നില്‍ സാമൂഹിക അകലം പാലിക്കാത്തതിന് പിഴ ഇല്ല. അവിടെ പൊലീസ് മാമന് പേടിയാണോ?', 'ജനങ്ങളുടെ നികുതിപ്പണം കൊണ്ടല്ലെ നിങ്ങളൊക്കെ ജീവിക്കുന്നത്. ആ നന്ദിയെങ്കിലും തിരിച്ചു കാണിച്ചുകൂടെ. നിങ്ങള്‍ കാണിച്ചു കൂട്ടുന്ന തെണ്ടിത്തരങ്ങള്‍ കാണുമ്‌ബോള്‍ അറപ്പ് തോന്നുകയാണ്. എല്ലാവരും മനുഷ്യരാണ്'. എന്നിങ്ങനെയാണ് ജനങ്ങളുടെ പ്രതികരണം.

സാമൂഹിക അകലം പാലിച്ചില്ല എന്ന കുറ്റം ചുമത്തി പെറ്റി ലഭിച്ചയാളും പൊലീസും തമ്മില്‍ തര്‍ക്കമുണ്ടാകുന്നത് കണ്ടാണ് ഗൗരിനന്ദ പ്രശ്‌നത്തില്‍ ഇടപെടുന്നത്. ഇതോടെ പൊലീസ് ഗൗരിക്ക് എതിരെയും പെറ്റി എഴുതാന്‍ ശ്രമിക്കുകയായിരുന്നു. അതു പറ്റില്ലെന്നു പറഞ്ഞപ്പോള്‍ അസഭ്യം വിളിച്ചെന്നും പ്രതിഷേധിച്ചപ്പോള്‍ കേസ് എടുത്തെന്നും ഗൗരിനന്ദ യുവജന കമ്മീഷന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. ഇതിനിടെ പോലീസും പെണ്‍കുട്ടിയും തമ്മിലുള്ള തര്‍ക്കത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

Related News