വെടിയുണ്ട മാനസയുടെ തലയോട്ടി തുളച്ച് പുറത്തേക്ക് പോയെന്ന് ഡോക്ടര്‍; രാഖില്‍ ഉപയോഗിച്ചത് സൈനികര്‍ ഉപയോഗിക്കുന്ന തോക്ക്

  • 31/07/2021



കോതമംഗലം: മാനസയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവ സ്ഥലത്തുവെച്ച് തന്നെ മാനസയും രാഹിലും മരിച്ചിരുന്നുവെന്നാണ് വിവരം. മാനസയുടെ നെഞ്ചിലും തലയിലുമാണ് രാഖില്‍ വെടിവെച്ചത്.

തലയോട്ടിയില്‍ 'എന്‍ട്രി മുറിവും,എക്‌സിറ്റ് മുറിവുമുണ്ടായിരുന്നുവെന്ന്'ഡോക്ടര്‍ വ്യക്തമാക്കി. അതായത് വെടിയുണ്ട തലയോട്ടി തുളച്ച് പുറത്തേക്ക് പോയിരുന്നുവെന്ന് വ്യക്തമാണെന്ന് പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു.

രക്തത്തില്‍ കുളിച്ചാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ ഇരുവരും മരിച്ചെന്ന് വ്യക്തമായി. മാനസ താമസിച്ചിരുന്ന വാടക വീടിനോട് ചേര്‍ന്ന് താമസിച്ചിരുന്ന ഒരാളാണ് മാനസയെ ആശുപത്രിയിലെത്തിച്ചത്.മാനസയും മൂന്ന് കൂട്ടുകാരികളും താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് അപ്രതീക്ഷിതമായി എത്തിയ രാഹില്‍ ആദ്യഘട്ടത്തില്‍ തോക്ക് പുറത്തെടുത്തിരുന്നില്ല.

കൂട്ടുകാരികള്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു മാനസ രാഖിലെത്തുമ്പോള്‍. രാഖില്‍ വന്നതോടെ ഭക്ഷണം കഴിക്കുന്നത് പാതിവഴിക്ക് നിര്‍ത്തി മാനസ അയാളോട് സംസാരിക്കാന്‍ തയ്യാറായി. പെട്ടന്ന് മുറി അടച്ചു പൂട്ടിയ രാഖില്‍ തോക്ക് കൈയ്യിലെടുത്തു.പിന്നെ തുടരെ തുടരെ വെടിയൊച്ചയാണ് പുറത്തേക്കു വരുന്നത്. ഇതോടെ അയല്‍വാസികള്‍ ഓടിയെത്തി. ലഭിച്ച ഓട്ടോറിക്ഷയില്‍ അടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ മരണം സംഭവിക്കുകയായിരുന്നു

അതേസമയം,യുവാവിനു തോക്കു ലഭിച്ചത് ഏതെങ്കിലും സൈനികനില്‍ നിന്നു വാങ്ങിയതോ മോഷ്ടിച്ചതോ ആകാമെന്നു വിദഗ്ധന്‍ പറയുന്നു. കണ്ണൂരില്‍ ധാരാളം പട്ടാളക്കാര്‍ ഉള്ള സ്ഥലമായതിനാലാണ് ഇതിനുള്ള സാധ്യത.

സാധാരണ നിലയില്‍ ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കു പണം നല്‍കി വാങ്ങാവുന്ന, ലൈസന്‍സ് ലഭിക്കുന്ന തോക്കാണിത്. ഇത്തരത്തിലുള്ള തോക്കുകള്‍ സറണ്ടര്‍ ഡെപ്പോസിറ്റിനായി കൊണ്ടുവന്നിട്ടുള്ളത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് എറണാകുളത്ത് ദീര്‍ഘ വര്‍ഷങ്ങളായി ആര്‍മറി നടത്തുന്നയാള്‍ പറയുന്നു.

ഉയര്‍ന്ന പ്രഹര ശേഷിയുള്ള 7.62 എംഎം കാലിബര്‍ പിസ്റ്റളാണ് രഖില്‍ മാനസയെ വെടിവയ്ക്കാന്‍ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. സാധാരണഗതിയില്‍ വിപണിയില്‍ ലഭ്യമല്ലാത്ത തോക്കാണ് ഇത്. മാത്രമല്ല, സംഭവ സ്ഥലത്തുനിന്നു കണ്ടെടുത്ത തോക്ക് ആദ്യഘട്ട പരിശോധനയില്‍ പഴക്കമുള്ളതും പിടി മാറ്റിയിട്ടിട്ടുള്ളതുമാണ് എന്നാണ് മനസിലാകുന്നത്.

ചൈനീസ് പിസ്റ്റളില്‍ ഇത്തരത്തിലുള്ള പിടി കണ്ടിട്ടില്ല എന്നതിനാല്‍ കള്ളത്തോക്കാകുമെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ പിടി ഒഴികെയുള്ള കുഴലും പിസ്റ്റള്‍ ഭാഗവും കമ്ബനി മെയ്ഡാണ് എന്നാണ് മനസിലാകുന്നത്.അതുകൊണ്ടു തന്നെ കള്ളത്തോക്കാണെന്നു കരുതാനാവില്ല. പിടി പൊട്ടിപ്പോയതിനാല്‍ മാറിയതാകാനാണ് സാധ്യത. എന്നാല്‍ തോക്ക് നേരില്‍ കണ്ടാല്‍ മാത്രമേ കൃത്യമായി മനസിലാക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

മാനസയെ വധിക്കുന്നതിനായി മനപ്പൂര്‍വം സംഘടിപ്പിച്ചതാണ് തോക്കെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. പഴയ തോക്കായതിനാല്‍ ഇത് നേരായ വഴിയിലൂടെ അല്ലാതെ സംഘടിപ്പിച്ചതിനാണ് സാധ്യത എന്നാണു കരുതുന്നത്.ബാലിസ്റ്റിക് വിദഗ്ധര്‍ പരിശോധിക്കുന്നതോടെ തോക്കിന്റെ നമ്പര്‍ ഉപയോഗിച്ച് ഇത് ആരെങ്കിലും ലൈസന്‍സ് എടുത്ത് ഉപയോഗിച്ചിരുന്ന താണോ എന്നു വ്യക്തമാകുമെന്നും പൊലീസ് പറയുന്നു.

Related News