പാലാ രൂപതയ്ക്ക് പിന്നാലെ പത്തനംതിട്ട രൂപതയും; നാലു കുട്ടികളുള്ള കുടുംബങ്ങൾക്ക് പ്രതിമാസം 2000 രൂപ നൽകും

  • 31/07/2021

പത്തനംതിട്ട: കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് മലങ്കര കത്തോലിക്ക സഭയുടെ പത്തനംതിട്ട രൂപതയും. നാലു കുട്ടികളുള്ള കുടുംബങ്ങൾക്ക് പ്രതിമാസം 2000 രൂപ നൽകുമെന്നാണ് പ്രഖ്യാപനം. പ്രസവ ചികിത്സാ സഹായം, ജോലിക്ക് മുൻഗണന എന്നിവയും വാഗ്ദാനം പ്രഖ്യാപിച്ച സർക്കുലറിലുണ്ട്.

സീറോ മലബാർ സഭയുടെ പാലാ രൂപത കഴിഞ്ഞദിവസം കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് സഹായങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മലങ്കര കത്തോലിക്ക സഭയുടെ പത്തനംതിട്ട രൂപതയുടെ സർക്കുലർ പുറത്തിറങ്ങിയിരിക്കുന്നത്. രൂപതാധ്യക്ഷന്റെ പേരിലാണ് സർക്കുലറുള്ളത്.

പത്തനംതിട്ടയിൽ അടക്കം കുട്ടികളുടെ എണ്ണം വലിയ തോതിൽ കുറയുകയാണ്. ജനസംഖ്യയും കുറയുകയാണ്. ഇത് ഒഴിവാക്കാൻ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് സഹായങ്ങൾ നൽകുമെന്നാണ് സർക്കുലർ പറയുന്നത്. രണ്ടായിരത്തിനു ശേഷം വിവാഹിതരായ, നാലോ അതിൽ അധികമോ കുട്ടികളുള്ള കുടുംബങ്ങൾക്ക് പ്രതിമാസം 2000 രൂപ വീതം നൽകാൻ രൂപത തയ്യാറാണ്. ഇത്തരം കുടുംബങ്ങളിൽനിന്നുള്ള കുട്ടികൾക്ക് സ്കൂൾ പ്രവേശനത്തിൽ ഉൾപ്പെടെ മുൻഗണന നൽകും. കൂടാതെ ഇത്തരം കുടുംബങ്ങളിൽ നിന്നുള്ളവർക്ക് സഭാ സ്ഥാപനങ്ങളിലും ജോലിക്കും മുൻഗണന നൽകുമെന്നും സർക്കുലർ പറയുന്നു.

Related News