കോവിഡ്: കേരളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ കര്‍ണാടക നിര്‍ത്തിവെച്ചു

  • 01/08/2021



കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ കേരളത്തിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. ശനിയാഴ്ച ഇതുമായി ബന്ധപ്പെട്ട ഉന്നതതല ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം. കേരളത്തില്‍ കൊവിഡ് പടരുന്നത് രൂക്ഷമായ സാഹചര്യത്തില്‍ ഞായറാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് കേരളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കാനാണ് തീരുമാനം .

അടുത്തയാഴ്ച വീണ്ടും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനം കൈക്കൊള്ളുമെന്നും നളീന്‍ കുമാര്‍ കട്ടീല്‍ എം. പി പറഞ്ഞു. സ്വകാര്യബസുകളും അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ അതിര്‍ത്തികള്‍ വരെ മാത്രമായി ചുരുക്കിയിട്ടുണ്ട്.കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ണാടകയില്‍  പ്രവേശിക്കണമെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബസ് സര്‍വീസ് നിര്‍ത്തിയത്.

രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവരും ആര്‍.ടി.പി.സി ആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണുത്തരവില്‍ പറയുന്നത്. വിമാനം, ബസ്, ട്രെയിന്‍, ടാക്‌സി, സ്വകാര്യ വാഹനങ്ങള്‍ എന്നിവയില്‍ കേരളത്തില്‍നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

Related News