തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാന്‍ ഒക്ടോബറില്‍ അദാനിയെത്തും; വാഗ്ദാനങ്ങള്‍ ഏറെ...

  • 03/08/2021


മുംബൈ വിമാനത്താവളം ഏറ്റെടുത്തതിന് പിന്നാലെ ഒക്ടോബറില്‍ തിരുവനന്തപുരം വിമാനത്താവളവും അദാനി ഗ്രൂപ്പ് ഏറ്റെടുക്കും. ലോകനിലവാരത്തില്‍ വിമാനത്താവളത്തെ മാറ്റുമെന്ന വാഗ്ദ്ധാനവുമായാണ് 50 വര്‍ഷത്തെ നടത്തിപ്പ് ഏറ്റെടുക്കുന്നത്. ഭരണനിര്‍വഹണമാവും ആദ്യം ഏറ്റെടുക്കുക. വിഴിഞ്ഞം തുറമുഖത്തോടൊപ്പം വിമാനത്താവളവും ലഭിക്കുന്നതോടെ കപ്പല്‍  വിമാന ഹബ്ബാക്കി തിരുവനന്തപുരത്തെ മാറ്റുമെന്നാണ് അദാനിയുടെ ഉറപ്പ്. വിമാനത്താവളവും കൂട്ടിച്ചേര്‍ത്തുള്ള ലോജിസ്റ്റിക്‌സ് ബിസിനസിലും കണ്ണുണ്ട്. ചരക്കുനീക്കത്തിലൂടെ വിമാനത്താവളം ലാഭത്തിലാക്കാനും കൊവിഡ് പ്രതിസന്ധി മാറിയാല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകളുടെ എണ്ണം ഇരട്ടിയാക്കാനുമാണ് ലക്ഷ്യം.

ജനുവരി 19ന് എയര്‍പോര്‍ട്ട് അതോറിട്ടിയുമായി ഒപ്പുവച്ച കരാര്‍ പ്രകാരം ജൂലായില്‍ നടത്തിപ്പ് ഏറ്റെടുക്കേണ്ടതായിരുന്നെങ്കിലും കൊവിഡ് കാരണം മൂന്നുമാസം നീട്ടിക്കിട്ടുകയായിരുന്നു. ആസ്തികളുടെ കണക്കെടുപ്പ് അദാനി ഗ്രൂപ്പ് പൂര്‍ത്തിയാക്കി. വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തിപ്പിനായി ഫ്‌ലൈമിംഗ് ഗോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അദാനി ഗ്രൂപ്പിന്റെ 10 വിമാനത്താവളങ്ങള്‍ കൂട്ടിയിണക്കി സര്‍വീസുകളുണ്ടാവും. ദേശീയ തീര്‍ത്ഥാടന സര്‍ക്യൂട്ടിലും ഇടംപിടിക്കാന്‍ സാദ്ധ്യതയുണ്ട്. ഓപ്പറേഷന്‍, മെയിന്റനന്‍സ് എന്നിവയ്ക്കായി ജര്‍മ്മനിയിലെ മ്യൂണിക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പുകാരും ജര്‍മ്മന്‍ സര്‍ക്കാരിന് 26 ശതമാനം ഓഹരിയുമുള്ള എഫ്.എം.ജി കമ്പനിയാണ് പരിഗണനയിലുള്ളത്. ജര്‍മ്മന്‍ കമ്പനി വന്നാല്‍ യൂറോപ്പിലേക്ക് ഉള്‍പ്പെടെ സര്‍വീസ് തുടങ്ങാനാവും.

അതേസമയം സര്‍ക്കാര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളം സര്‍ക്കാരിന്റേതാണെന്നും അനുമതിയില്ലാതെ അദാനിക്ക് വികസനം പറ്റില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. വൈദ്യുതി, കുടിവെള്ളം, റോഡ് കണക്ടിവിറ്റി സൗകര്യങ്ങള്‍ ഉറപ്പാക്കാനുള്ള സ്‌റ്റേറ്റ് സപ്പോര്‍ട്ട് എഗ്രിമെന്റ് നല്‍കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

55,000 ചതുരശ്രഅടി വിസ്തൃതിയില്‍ പുതിയ ടെര്‍മിനല്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ 18.30 ഏക്കര്‍ ഭൂമിയേറ്റെടുത്ത് കൈമാറണം. നടത്തിപ്പ് അദാനിക്കാണെങ്കില്‍ ഭൂമി ഏറ്റെടുക്കല്‍ സര്‍ക്കാര്‍ ഉപേക്ഷിച്ചേക്കും. തുടര്‍നടപടികളില്‍ സഹകരിക്കില്ലെന്ന് പ്രധാനമന്ത്രിക്ക് നേരത്തേ അയച്ച കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സുപ്രീംകോടതി സ്‌റ്റേ അനുവദിക്കാത്തതിനാലാണ് ജനുവരിയില്‍ കരാറൊപ്പിട്ടത്. നടത്തിപ്പ്, വികസനം, പരിപാലനം, ഭൂമി എന്നിവയാണ് അദാനിക്ക് കൈമാറുക. ഓരോ യാത്രക്കാരനും 168 രൂപ വീതം വിമാനത്താവള അതോറിട്ടിക്ക് അദാനിഗ്രൂപ്പ് നല്‍കണം. സുരക്ഷ, കസ്റ്റംസ്, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ എന്നിവ നിലവിലേതുപോലെ തുടരും.

വിമാനത്താവളത്തിലെ ചെറിയ ഡ്യൂട്ടിഫ്രീ ഷോപ്പ് വിസ്തൃതമാക്കും.

നെടുമ്പാശേരിയില്‍ അരലക്ഷം ചതുരശ്രഅടിയിലാണ് ഡ്യൂട്ടി ഫ്രീ.

കണ്ണൂര്‍ വിമാനത്താവളത്തിലേതുപോലെ ആഭ്യന്തര ടെര്‍മിനലിലും ബാര്‍ വരും.
 
അന്താരാഷ്ട്ര ടെര്‍മിനലിലെ ബാര്‍ വിപുലീകരിക്കും.

ടെര്‍മിനലില്‍ ഷോപ്പിംഗ്, സേവന കേന്ദ്രങ്ങള്‍ വരും. 

സെക്യൂരിറ്റി ഏരിയയിലെ കടകളും വിസ്തൃതമാക്കിയും വരുമാനം കൂട്ടാം.

1) ഡി.ജി.എം റാങ്കിന് താഴെയുള്ള എയര്‍പോര്‍ട്ട് അതോറിട്ടി ജീവനക്കാര്‍ക്ക് പരമാവധി മൂന്നുവര്‍ഷം വിമാനത്താവളത്തില്‍ തുടരാം.
2) ഈ കാലയളവിലെ ശമ്പളം അദാനി ഗ്രൂപ്പ് നല്‍കണം. അതിനുശേഷംജീവനക്കാര്‍ക്ക് അദാനിഗ്രൂപ്പില്‍ ചേരാം.
3) അല്ലെങ്കില്‍ എയര്‍പോര്‍ട്ട് അതോറിട്ടിയുടെ മറ്റ് വിമാനത്താവളങ്ങളിലേക്ക്മാറിപ്പോകണം. 1200 ജീവനക്കാരാണ് ആകെയുള്ളത്.

Related News