പന്ത്രണ്ടോളം ശസ്ത്രക്രിയ, സഹായങ്ങളെല്ലാം വെറും പാഴ്‌വാക്കുകള്‍; കരിപ്പൂര്‍ വിമാനാപകടത്തില്‍ ജീവിതം നഷ്ടപ്പെട്ട അഷ്‌റഫ്

  • 05/08/2021



കോഴിക്കോട്: ചോര്‍ന്നൊലിക്കുന്ന വീടിന്റെ പണി തീര്‍ത്ത് കുടുംബത്തോടൊപ്പം ഒരു ദിവസമെങ്കില്‍ ഒരു ദിവസം സമാധാനത്തോടെ കഴിയണം. പതിനഞ്ച് വര്‍ഷത്തോളം പഴക്കമുള്ള വീടെന്ന സ്വപ്നത്തിലേക്ക് കാലെടുത്ത് വെക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേയുള്ളൂവെന്ന ചിന്തയില്‍ അന്ന് എയര്‍ ഇന്ത്യാ വിമാനത്തിന്റെ മൂന്നിലെ മൂന്നാമത്തെ സീറ്റില്‍ ദുബായ് എയര്‍പോര്‍ട്ടില്‍ നിന്ന് സ്ഥാനമുറപ്പിച്ചതൊക്കെ അഷ്‌റഫ് ഓര്‍ത്തെടുക്കുന്നുണ്ട്. പക്ഷെ ആ ആഗസ്ത് ഏഴിന്റെ രാത്രിയെ കുറിച്ച് കല്ലാച്ചി ഈയ്യങ്കോട്ടെ 37 കാരനായ അഷ്‌റഫ് മൂടോറക്ക് പിന്നീട് ഓര്‍മ വന്നത് അത് കഴിഞ്ഞ് 12 ദിവസത്തിന് ശേഷം ബേബി മെമ്മോറിയില്‍ ആശുപത്രിയില്‍ വെച്ചാണ്. കരിപ്പൂര്‍ വിമാനാപകടം അഷ്‌റഫിന് നഷ്ടപ്പെടുത്തിയത് തന്റെ പതിനഞ്ച് വര്‍ഷത്തെ കഠിനാധ്വാനവും ജോലിയും ജീവിതവുമാണ്.

കരിപ്പൂര്‍ വിമാനാപകടം നടന്നിട്ട് ആഗസ്ത് ഏഴാം തീയതി ഒരു വര്‍ഷം പിന്നിടുമ്പോള്‍ അപകടം മൂലം നീളം കുറഞ്ഞുപോയ തന്റെ ഒരു കാലിനെ നോക്കി കല്ലാച്ചി ഈയങ്കോട്ടെ വീട്ടില്‍ കിടന്ന് ആ ദിവസത്തെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നു അഷ്‌റഫ്. ഇതുവരെ പത്തോളം ഓപ്പറേഷനുകള്‍ കഴിഞ്ഞു. പക്ഷെ കാല്‍ പാദം നിലത്ത് കുത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇതോടെ പ്രാഥമിക കര്‍മങ്ങള്‍ക്ക് പോലും പോവാന്‍ സ്ട്രക്ചറിന്റെ സഹായം വേണ്ടി വന്നു.

ഒറ്റ നിമിഷംകൊണ്ട് തന്റെ ജീവിതവും സ്വപ്നവും ഇല്ലാതായിപ്പോയത് പോലും അപകടം നടന്ന് പന്ത്രണ്ട് ദിവസത്തിന് ശേഷം മാത്രമാണ് താന്‍ അറിഞ്ഞതെന്ന് പറയുന്നു അഷ്‌റഫ്. വിമാനം രണ്ടായി പിളര്‍ന്നതും താന്‍ ആ വിമാനത്തിലാണ് യാത്ര ചെയ്തിരുന്നത് എന്നതും എന്തിന് നാട്ടിലാണെന്ന് പോലും അറിയുന്നത് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെച്ച്. അപ്പോഴക്കും ആറോളം ഓപ്പറേഷന്‍ കഴിഞ്ഞ് പോയിരുന്നു അതിന് ശേഷമാണ് ഓര്‍മ പോലും തിരിച്ച് കിട്ടയത്.

നിലവില്‍ ആസ്റ്റര്‍ മിംസിലാണ് ചികിത്സ തുടരുന്നത്. എയര്‍ ഇന്ത്യയുടെ ഇന്‍ഷൂറന്‍സ് തുകയില്‍ ചികിത്സ മുടങ്ങാതെ കഴിഞ്ഞെങ്കിലും സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും വാഗ്ദാനം ചെയ്ത സാഹയങ്ങളെല്ലാം പാഴ്വാക്ക് മാത്രമായി മാറി. രണ്ട് ലക്ഷം രൂപയായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത് . അത് പ്രഖ്യാപനത്തിലൊതുങ്ങി.

ഷാര്‍ജയില്‍ സ്വദേശിയുടെ റെസ്‌റ്റോറന്റ് മേല്‍നോട്ടക്കാരനായി നല്ല നിലയില്‍ പോയിക്കൊണ്ടിരുന്ന സമയത്തായിരുന്നു തനിക്ക് ദുരന്തം സംഭവിച്ചതെന്ന് ഓര്‍ക്കുന്നു അഷ്‌റഫ്. മൂന്നുമാസത്തെ ലീവിനെത്തി വീടിന്റെ പണി തീര്‍ക്കണം കുറച്ചു ദിവസം കുടുംബത്തോടൊപ്പം എല്ലാം മറന്ന് കഴിയണം. ആ സ്വപ്നങ്ങള്‍ ബാക്കിയാക്കിയത് ആശുപത്രി ജീവിതമായിപ്പോയി. ജോലിയും വിസയും പോയി. ഇനി െ്രെഡവര്‍ ജോലിയെങ്കിലും എടുത്ത് ജീവിക്കാമെന്ന് കരുതിയാല്‍ അപകടം മൂലം നീളം കുറഞ്ഞുപോയ കാല് കൊണ്ട് അതും സാധിക്കില്ല. എന്ത് ചെയ്യണമെന്നറിയില്ലെന്ന് പറഞ്ഞ് സങ്കടപ്പെടുന്നു ഈ കുടുംബം.

ഭാര്യയും ഉമ്മയും രണ്ട് മക്കളുമാണ് അഷ്‌റഫിനുള്ളത്. ഒരാള്‍ എട്ടാംക്ലാസിലും മറ്റേയാള്‍ ഒന്നാംക്ലാസിലും പഠിക്കുന്നു. ഫീസ് കൊടുത്തൊക്കെ നല്ല രീതിയില്‍ പഠിപ്പിക്കണമെന്നൊക്കെ വിചാരിച്ചിരുന്നു. പക്ഷെ ജീവിതം ഇങ്ങനെയാക്കിയതോടെ കുട്ടികളെ മാറ്റി ചേര്‍ത്തു. ഒപ്പം കോവിഡും രൂക്ഷമായി. ജോലി ചെയ്തിടത്ത് ആളെ വേണ്ടതിനാല്‍ തല്‍ക്കാലം വേറെ ആളെയെടുക്കുന്നുവെന്ന കത്താണ് ഷാര്‍ജയില്‍ നിന്ന് അവസാനമായി ഈ യുവാവിന് ലഭിച്ചത്. ഇനി അങ്ങോട്ട് പോയാല്‍ പോലും നീളമില്ലാത്ത കാലും കൊണ്ട് എന്ത് ചെയ്യാനാണെന്ന് ചോദിക്കുന്നു അഷ്‌റഫ്. വിമാന അപകടം നടന്നിട്ട് ഒരു വര്‍ഷത്തോട് അടുക്കുകയാണ്. ഇനിയെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം ലഭിക്കാന്‍ എന്തെങ്കിലും ഇടപെടലുണ്ടാവണമെന്നാണ് അഷ്‌റഫ് പറയുന്നത്.

Related News