പ്രഖ്യാപനം മാത്രം, പദ്ധതി നടക്കുന്നില്ല; 2018 ല്‍ പ്രഖ്യാപിച്ച പദ്ധതിയും തട്ടിന്‍പുറത്ത്; കിഫ്ബിക്കെതിരെ വീണ്ടും ഗണേഷ് കുമാര്‍

  • 06/08/2021

തിരുവനന്തപുരം: കിഫ്ബിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ. കിഫ്ബി പദ്ധതികള്‍ക്ക് കാലതാമസം നേരിടുകയാണെന്ന് എം എല്‍ എ വ്യക്തമാക്കി. റോഡുകളുടെ പണി വൈകുകയാണെന്നും ഇത് ഒഴിവാക്കണമെന്നുമാണ് ഗണേഷ് പറയുന്നത്. പത്തനാപുരത്ത് 2018ല്‍ പ്രഖ്യാപിച്ച റോഡിന്റെ പണി തുടങ്ങിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എം എല്‍ എയുടെ വിമര്‍ശനം. സ്വന്തം അനുഭവം പങ്കുവെച്ചുകൊണ്ടായിരുന്നു ഗണേഷിന്റെ വിമര്‍ശനം.

'അമ്മക്ക് അസുഖം ഗുരുതരമാണെന്നറിഞ്ഞ് കൊട്ടാരക്കരയിലേക്ക് പോയ ഞാന്‍ വെഞ്ഞാറമൂട്ടില്‍ ഇരുപത് മിനിട്ടിലേറെ കിടന്നു. ഇത് കഴിഞ്ഞ് കൊട്ടാരക്കര എത്തിയപ്പോള്‍ അമ്മ മരിച്ചു. വെഞ്ഞാറമൂട് മേല്‍പ്പാലം വേണമെന്ന ആവശ്യത്തിനും കിഫ്ബി ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കുകയാണ്', ഗണേഷ് കുമാര്‍ വികാരഭരിതനായി നിയമസഭയില്‍ പറഞ്ഞു.

കിഫ്ബിയില്‍ കണ്‍സള്‍ട്ടന്‍സി ഒഴിവാക്കി മികച്ച ഉദ്യോഗസ്ഥരെ ഉപയോഗിക്കണമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. കോടിക്കണക്കിന് രൂപ ശമ്പളം കൊടുക്കുന്ന എന്‍ജിനീയര്‍മാര്‍ പൊതുമരാമത്ത് വകുപ്പില്‍ ഉള്ളപ്പോള്‍ എന്തിന് പുറത്തു നിന്ന് കണ്‍സള്‍ട്ടന്റുമാരെ കൊണ്ടുവരുന്നുവെന്നും ഗണേഷ് കുമാര്‍ ചോദിച്ചു. കിഫ്ബിയില്‍ അതിവിദഗ്ദ്ധരുടെ ബാഹുല്യമാണെന്നും കാര്യമില്ലാത്ത വാദങ്ങള്‍ ഉയര്‍ത്തി അവര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയുകയാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കിഫ്ബിക്കെതിരെ ഗണേഷ് വീണ്ടും രംഗത്ത് വരുന്നത്.

Related News