പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരു വര്‍ഷം; പൊലിഞ്ഞത് 70 ജീവനുകള്‍

  • 06/08/2021


നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരു വയസ്സ് തികയുന്നു. ലയങ്ങളില്‍ ഉറങ്ങിക്കിടന്ന 70 പേര്‍ക്കാണ് ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായത്. മരിച്ചവരുടെ ശവകുടീരങ്ങളില്‍ പ്രണാമം അര്‍പ്പിക്കാന്‍ ബന്ധുക്കള്‍ ഇന്ന് രാമജമലയിലെത്തും. സര്‍വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടത്തും. കണ്ണന്‍ ദേവന്‍ കമ്ബനി തയ്യാറാക്കിയ ശവകുടീരങ്ങള്‍ ബന്ധുക്കള്‍ക്കായി സമര്‍പ്പിക്കും. അപകടത്തില്‍ മരിച്ചവരും കാണാതായവരുമായ 24 പേരുടെ അവകാശികള്‍ക്കുള്ള ധനസഹായം വേഗത്തിലാക്കന്‍ റവന്യൂ മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

താഴ്വരയിലെ ലയങ്ങളില്‍ കിടന്നുറങ്ങിയിരുന്ന 70 പേരാണ് ഓര്‍മയായത്. പെരുമഴയിലും തണുപ്പിലും പതിനാറ് ദിവസം തിരഞ്ഞിട്ടും നാല് പേരിന്നും കാണാമറയത്താണ്. മരിച്ച 47 പേരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കി. കണ്ടുകിട്ടാനുള്ളവരുള്‍പ്പെടെ 24 പേര്‍ക്ക് ധനസഹായം കിട്ടാനുണ്ട്.

വാഹനങ്ങള്‍ ഉള്‍പ്പെടെ സകലതും നഷ്ടപ്പെട്ടതിന് സഹായമൊന്നും ഇതുവരെ നല്‍കിയിട്ടില്ല. സര്‍ക്കാര്‍ നൂലാമാലകളില്‍ പെട്ട് ഇത് നീണ്ടു പോകുകയാണ്. തേയില നുളളിയെടുത്തുണ്ടാക്കിയ സമ്ബാദ്യമാണ് തൊഴിലാളികള്‍ക്ക് നഷ്ടമായത്. ആകെ 78 ലക്ഷം രൂപയുടെ നഷ്ടം ദുരന്തത്തിലുണ്ടായി എന്ന് സര്‍ക്കാര്‍ കണക്ക്. ആര്‍ക്കും നഷ്ടപരിഹാരം കിട്ടിയിട്ടില്ല. സമീപത്തെ ലയങ്ങളിലുണ്ടായിരുന്നവരെ മറ്റ് എസ്‌റ്റേറ്റുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിപ്പാര്‍പ്പിച്ചു. എട്ട് പേര്‍ക്ക് പുതിയ വീടും നിര്‍മ്മിച്ച് നല്‍കി.
 
കറുപ്പായിക്ക് നഷ്ടമായത് 6 പേരകുട്ടികളെയാണ്. അതില്‍ രണ്ട് പേരെ ഇനിയും കണ്ടെത്താന്‍ സാധിച്ചില്ല. 13 പേരെയാണ് കുരിശുമല പൊട്ടിവന്ന ഉരുള്‍ തട്ടിയെടുത്തത്. അവശേഷിച്ചത് മകള്‍ സീതാലക്ഷ്മി മാത്രം. സീതാലക്ഷ്മിക്ക് ജീവിതത്തില്‍ തിരികെ കിട്ടിയത് കറുപ്പായിയെ മാത്രം.

അയല്‍വാസിയായ കസ്തൂരി രാജ ലയങ്ങള്‍ക്ക് താഴെ കൂടി ഒഴുകുന്ന പുഴയിലെ വെള്ളം പൊങ്ങുന്നുവെന്നും എല്ലാവരെയും കൂട്ടി മുകളിലേക്ക് വരണമെന്നും വിളിച്ചുപറയുന്നത് കേട്ടാണ് കറുപ്പായി അമ്മ പുറത്തേക്ക് ഇറകുന്നത്. അഞ്ച് നിമിഷം കൊണ്ട് ഒരമ്മയും മകളും ജീവിതത്തില്‍ തനിച്ചായി.

കറുപ്പായി നിന്ന ഇടമൊഴികെ കണ്‍മുന്നില്‍ എല്ലാം ഇടിഞ്ഞുപൊളിഞ്ഞു വീണു. കൂരിട്ടില്‍ എങ്ങനയൊ തപ്പിത്തടഞ്ഞ് മുകളിലേക്ക് വന്ന് ലയത്തെ രക്ഷിക്കണേ എന്ന് കരഞ്ഞു നിലവിളിച്ചു. പക്ഷേ പെട്ടിമുടിയിലെ ദുരന്തം പുറം ലോകം അറിയാന്‍ പിന്നെയും മണിക്കൂറുകളെടുത്തു. ഗുരുതരമായി പരിക്കേറ്റ സീതാലക്ഷ്മിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലും അമൃത ആശുപത്രയിലുമായി ചികിത്സ നടത്തി. ഇപ്പോള്‍ വാക്കറില്‍ പിടിച്ചു നടക്കാനായി സീതാലക്ഷ്മിക്ക്. കണ്ണന്‍ ദേവന്‍ കമ്പനിയാണ് ചികിത്സയ്ക്കുള്ള ചിലവുകള്‍ വഹിക്കുന്നത്.

Related News