കേരള ചരിത്രത്തില്‍ ഇതാദ്യം; വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

  • 06/08/2021

കേരളത്തെ നടുക്കിയ വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കൊല്ലത്തെ മോട്ടോര്‍ വാഹനവകുപ്പ് റീജ്യണല്‍ ഓഫീസില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്‌പെക്ടറായിരുന്നു കിരണ്‍. ഭാര്യയുടെ മരണത്തെത്തുടര്‍ന്ന് ഭര്‍ത്താവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് ഇതാദ്യമാണ്. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭാര്യ മരണപ്പെട്ടതു മൂലം ഭര്‍ത്താവിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിടുന്നത് കേരളത്തില്‍ ആദ്യമായിട്ടാണെന്ന് മന്ത്രി പറഞ്ഞു.

വകുപ്പ് തല അന്വേഷണം നടത്തിയതിന് ശേഷം, സംശയാതീതമായി കുറ്റം ചെയ്‌തെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് കിരണിനെ പിരിച്ചുവിട്ടത്… ഗതാഗതമന്ത്രി ആന്റണി രാജുവാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തി തീരുമാനം പ്രഖ്യാപിച്ചത്. ഭാര്യയുടെ മരണത്തെത്തുടര്‍ന്ന് ഭര്‍ത്താവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് ഇതാദ്യമാണ്.1960ലെ കേരള സിവിള്‍ സര്‍വീസ് റൂള്‍ പ്രകാരമാണ് കിരണിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത്. കിരണിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ തുടര്‍ജോലിയും ലഭിക്കില്ല. പ്രൊബേഷനിലായിരുന്നതിനാല്‍ പെന്‍ഷനും അര്‍ഹതയുണ്ടാവില്ല. കിരണിനെതിരെ വിസ്മയയുടെ ആത്മഹത്യയെത്തുടര്‍ന്ന് വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു.

കിരണിനോട് നേരിട്ടും മോട്ടോര്‍ വാഹനവകുപ്പ് വിശദീകരണം തേടി. 1960ലെ സര്‍വീസ് ചട്ടപ്രകാരം സ്ത്രീവിരുദ്ധവും, സാമൂഹ്യനീതിക്ക് നിരക്കാത്തതും, ലിംഗനീതിക്ക് എതിരുമായ പ്രവര്‍ത്തനങ്ങള്‍ നടത്തി സര്‍ക്കാരിനും മോട്ടോര്‍ വാഹനവകുപ്പിനും ദുഷ്‌പേര് വരുത്തി വച്ചെന്ന് തെളിഞ്ഞാല്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാം.

അതനുസരിച്ചാണ് കിരണിനെതിരെയും നടപടിയെടുത്തതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്നാണ് ചട്ടം. അതിനാല്‍ക്കൂടിയാണ് കിരണിനെതിരെ പിരിച്ചുവിടല്‍ നടപടി വന്നത്. പൊലീസ് കേസും വകുപ്പ് തല അന്വേഷണവും രണ്ടും രണ്ടാണെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

പൊലീസ് അന്വേഷണപ്രകാരമല്ല വകുപ്പ് തല അന്വേഷണം നടക്കുക. പൊലീസ് അന്വേഷണം സമാന്തരമായി നടക്കും. സാക്ഷിമൊഴികള്‍ അടക്കമുള്ള കാര്യങ്ങള്‍ വിസ്മയയുടെ കേസില്‍ ശേഖരിച്ചിരുന്നു. കിരണ്‍ കുമാറിന് പറയാനുള്ളതും കേട്ടു. 45 ദിവസം മുമ്ബാണ് കേസില്‍ കിരണിനെ സസ്‌പെന്‍ഡ് ചെയ്തത്.

അന്വേഷണവിധേയമായി കിരണിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായി. അന്വേഷണ പ്രകാരം സംശയാതീതമായി കിരണ്‍ കുറ്റം ചെയ്‌തെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് പിരിച്ചുവിടല്‍.നാളെ ഗതാഗതമന്ത്രി വിസ്മയയുടെ വീട് സന്ദര്‍ശിക്കുകയും ചെയ്യുന്നുണ്ട്. വിസ്മയയുടെ കുടുംബാംഗങ്ങള്‍ സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്തു.

Related News