'വലിയ വില കൊടുക്കേണ്ടി വരും'; കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്ന ശബ്ദരേഖ പുറത്തു വിടുമെന്ന് കെടി ജലീല്‍

  • 07/08/2021

ഇ.ഡി വിവാദത്തില്‍ പികെ കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് കെടി ജലീല്‍. മുഈനലി തങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ് നടപടിയെടുത്താല്‍ കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ പുറത്തു വിടേണ്ടി വരുമെന്നും ഇതോടെ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും കെടി ജലീല്‍ മുന്നറിയിപ്പ് നല്‍കി.

'സത്യം വിളിച്ച് പറഞ്ഞ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരെ നടപടി ലീഗിന്റെ നേതൃ യോഗത്തില്‍ എടുപ്പിക്കാമെന്നാണ് ഭാവമെങ്കില്‍ അതിനദ്ദേഹം വലിയ വില നല്‍കേണ്ടി വരും. അദ്ദേഹം തന്നെ ഇഡിയുമായി ബന്ധപ്പെട്ട വിഷയം പാണക്കാട് കുടുംബത്തിലെ പല അംഗങ്ങളോടും ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അതിന്റെയൊക്കെ ശബ്ദരേഖകള്‍ അറ്റകൈയ്ക്ക് പുറത്തു വിടേണ്ടി വരും. അത് പുറത്തു വന്നാല്‍ അദ്ദേഹത്തിന് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരും,' കെടി ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുഈനലി ശിഹാബ് തങ്ങള്‍ കഴിഞ്ഞ ദിവസം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് ചേരാനിരിക്കെയാണ് കെടി ജലീലിന്റെ മുന്നറിയിപ്പ്. മുഈനലി തങ്ങള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ലീഗില്‍ നിന്നും ഉയരുന്നുണ്ട്.

ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട് നേരത്തെ കെടി ജലീല്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിശദീകരണം നല്‍കാനായി ലീഗിന്റെ അഭിഭാഷക സംഘടനാ നേതാവായ അഡ്വ. മുഹമ്മദ് ഷാ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് മുഈനലി തങ്ങള്‍ ഇടപെടുകയും കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുന്നയിക്കുകയും ചെയ്തത്. 40 വര്‍ഷമായി പാര്‍ട്ടിയുടെ മുഴുവന്‍ ഫണ്ടും കൈകാര്യം ചെയ്തിരുന്നത് കുഞ്ഞാലിക്കുട്ടിയാണെന്നും ചന്ദ്രികയില്‍ നടക്കുന്നത് വലിയ ക്രമക്കേടാണെന്നും ഇദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടിയെ പേടിച്ച് എല്ലാവരും മിണ്ടാതിരിക്കുകയാണ്. ഹൈദരലി തങ്ങളുടെ അസുഖ കാരണം ചന്ദ്രികയിലെ പ്രശ്നങ്ങളാണെന്നും മുഈനലി തങ്ങള്‍ പറഞ്ഞു.

 

Related News