പ്രാങ്ക് വീഡിയോ ചെയ്യാനായി സ്ത്രീകള്‍ക്ക് നേരെ അശ്ലീല ആംഗ്യം കാട്ടി; കൊച്ചിയില്‍ യൂട്യൂബര്‍ അറസ്റ്റില്‍

  • 08/08/2021

കൊച്ചി: യൂട്യൂബ് ചാനലിലേക്ക് പ്രാങ്ക് വീഡിയോ ചെയ്യുവാനായി സ്ത്രീകള്‍ക്കു നേരെ അശ്ലീല ആംഗ്യം കാട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു. യൂട്യൂബര്‍ ചിറ്റൂര്‍ റോഡ് വലിയപറമ്പില്‍ ആകാശ് സൈമണ്‍ മോഹനെ(26)യാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകളെ ശല്യം ചെയ്തത് ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടു.

എറണാകുളം കച്ചേരിപ്പടി ജങ്ഷനിലാണ് ഇയാള്‍ സ്ത്രീകളെ ശല്യപ്പെടുത്തുംവിധം അശ്ലീല ചേഷ്ടകളും ആംഗ്യങ്ങളും കാണിക്കുകയും അടുത്തുചെന്ന് അരോചകമായി സംസാരിക്കുകയും ചെയ്തത്. അപമാനിക്കുന്ന തരത്തിലുള്ള ഇയാളുടെ പ്രവര്‍ത്തികള്‍ കണ്ട് പെണ്‍കുട്ടികള്‍ ഭയന്നു പോയി. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും യൂട്യൂബ് ചാനല്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്ന വീഡിയോ ദൃശ്യങ്ങള്‍ കണ്ടെത്തുകയും ചെയ്തു.

ഡിസ്റ്റര്‍ബിങ് ദി ഫീമെയില്‍സ് കേരള പ്രാങ്ക് എന്ന തലക്കെട്ടില്‍ രണ്ട് വീഡിയോ നിലവില്‍ ഇയാളുടെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇത് നീക്കംചെയ്യാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചതായാണ് വിവരം. വീഡിയോ ചിത്രീകരിക്കാന്‍ സഹായിച്ച ആകാശിന്റെ സുഹൃത്തുക്കള്‍ ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തമാശ രൂപത്തിലോ ഹാസ്യ പരിപാടികള്‍ക്കായോ ഒരുക്കുന്ന കുസൃതിത്തരങ്ങള്‍ ചിത്രീകരിക്കുന്ന വീഡിയോകളാണ് പ്രാങ്ക് വീഡിയോ.

പ്രാക്ടിക്കല്‍ ജോക്ക് എന്നതിന്റെ ചുരുക്കെഴുത്താണ് പ്രാങ്ക്. തരികിട പോലുള്ള ടി.വി. പരിപാടികള്‍ ഇതിന്റെ ആദ്യരൂപമാണ്. ഇപ്പോള്‍ യൂട്യൂബില്‍ ഇത്തരം വീഡിയോകള്‍ വ്യാപകമാണ്. കാഴ്ചക്കാരുടെ എണ്ണം കൂട്ടാന്‍ പലരും പരിധിവിട്ട് ഇത്തരം വീഡിയോകള്‍ ചിത്രീകരിക്കുന്നത് പതിവാക്കിയിട്ടുണ്ട്. ഇത് ചിലപ്പോള്‍ വലിയ അപകടത്തിന് വഴി വയ്ക്കുകയും ചെയ്യും.

Related News