കൊച്ചി: ഇ ബുള്‍ജെറ്റ് സഹോദരന്മാരെ മോട്ടോര്‍ വാഹന വകുപ്പ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമാവുകയാണ്. നിയമവിരുദ്ധമായി വാഹനം രൂപമാറ്റം വരുത്തിയതിനെ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇവരുടെ വാഹനം കസ്റ്റഡിയിലെടുത്തിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
ഇതിനിടെ ഇ ബുള്‍ജെറ്റിനെ രക്ഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി എംപിയെ വിളിച്ച ഒരു ഇ ബുള്‍ജെറ്റ് ആരാധകന് സുരേഷ് ഗോപി കൊടുത്ത മറുപടിയാണ് ശ്രദ്ധനേടുന്നത്. എന്താണ് വിഷയമെന്ന് ചോദിക്കുമ്പോള്‍ വണ്ടി മോഡിഫൈ ചെയ്ത പ്രശ്‌നമാണെന്ന് യുവാക്കള്‍ മറുപടി നല്‍കുന്നു. കേരളത്തിലെ പ്രശ്‌നമല്ലേ മുഖ്യമന്ത്രിയെ വിളിക്കൂ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലാണ് ഇതെന്നും അദ്ദേഹം വിശദീകരിക്കുന്നു.സാറിന് ഒന്നും ചെയ്യാന്‍ പറ്റില്ലേ എന്ന് വീണ്ടും ചോദിച്ച യുവാക്കളോട് ഇതില്‍ ഇടപ്പെടാന്‍ പറ്റില്ലെന്നും ഞാന്‍ ചാണകമല്ലേ, ചാണകം എന്നു കേട്ടാലേ അലര്‍ജി അല്ലേ എന്നുമാണ് അദ്ദേഹം പറയുന്നത്. ഈ വീഡിയോ ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
സുരേഷ് ഗോപിക്ക് പുറമേ കൊല്ലം എംഎല്‍എ മുകേഷിനും സമാനമായ ഫോണ്‍ വന്നിരുന്നു. കോതമംഗലത്ത് നിന്നാണ് എന്ന് പരിചയപ്പെടുത്തിയാണ് മുകേഷിനെ വിളിച്ചത്. .നടന്‍ എഫ്ബിയിലൂടെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്.'ഓരോരോ മാരണങ്ങളെ... നല്ല ട്രോള്‍' എന്ന അടിക്കുറിപ്പോടെയാണ് മുകേഷ് ട്രോള്‍ പങ്കുവച്ചിരിക്കുന്നത്. 'കേരളത്തില്‍ നടക്കുന്ന സകല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ നാട്ടുകാര്‍ തന്നെ വിളിക്കുന്ന കാണുന്ന മുകേഷേട്ടന്‍.ഇതൊക്കെ എന്തിനാടാ എന്നോട് പറയുന്നേ'ഇതായിരുന്നു ട്രോളിലെ ഡയലോഗ്.
കണ്ണൂര്‍ ഇരിട്ടി കിളിയന്തറ സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവരുടേതാണ് ഇ ബുള്‍ജെറ്റ് യൂട്യൂബ് ചാനല്‍. വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വീഡിയോ ചിത്രീകരിക്കുകയാണ് ഇവരുടെ രീതി. വരുമാനം വര്‍ദ്ധിച്ചതോടെ വാഹനത്തില്‍ അപകടകരമായ രീതിയിലുള്ള മാറ്റങ്ങളാണ് ഇവര്‍ വരുത്തിയത്. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുകയും കേസെടുക്കുകയുമായിരുന്നു. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിന് 42,000 രൂപ പിഴയാണ് ഇട്ടിരിക്കുന്നത്.
അതേസമയം ആര്‍ടിഒ ഓഫീസില്‍ അതിക്രമം കാണിച്ചെന്ന കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട വ്‌ളോഗര്‍ സഹോദരങ്ങളുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി പൊതുമുതല്‍ നശിപ്പിച്ചു എന്നിവയടക്കം ഏഴോളം വകുപ്പുകളാണ് ഇവര്‍ക്കെതിരേ പോലിസ് ചുമത്തിയിട്ടുളളത്. ഓഫീസിലെ 7,000 രൂപ വില വരുന്ന കമ്പ്യൂൂട്ടര്‍ മോണിറ്റര്‍ തകര്‍ന്ന സംഭവത്തില്‍ പണം അടക്കാന്‍ തയ്യാറാണെന്നും ജാമ്യം അനുവദിക്കണമെന്നും ഇവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?