കോവിഡ് രണ്ടാം തരംഗത്തില്‍ പിഴയിനത്തില്‍ പിടിച്ചെടുത്തത് 125 കോടിയോളം രൂപ; പിഴ ചുമത്തുന്നത് മഹാ അപരാധമല്ലെന്ന് മുഖ്യമന്ത്രി

  • 10/08/2021

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം നിയന്ത്രിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ലംഘിച്ചതിന് സര്‍ക്കാര്‍ ജനങ്ങളില്‍നിന്നു പിഴയായി ഈടാക്കിയത് 125 കോടിയിലേറെ രൂപ.രണ്ടാം തരംഗം നിയന്ത്രിക്കുന്നതിനുള്ള ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ മെയ് എട്ടു മുതല്‍ ഓഗസ്റ്റ് നാലിന് ഇളവുകള്‍ പ്രഖ്യാപിച്ചതു വരെയുള്ള കണക്കാണിത്. ഇക്കാലയളവിനിടെ 17.75 ലക്ഷം കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 10.7 ലക്ഷം കേസുകള്‍ മാസ്‌ക് ധരിക്കാത്തതിനു മാത്രമാണ്. 4.7 കേസുകളാണ് സാമൂഹ്യ അകലം പാലിക്കാത്തതിനും മറ്റുമായി എടുത്തത്. 2.3 ലക്ഷം വാഹനങ്ങള്‍ ലോക്ക്ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ പിടിച്ചെടുത്തു. അഞ്ഞൂറു രൂപ മുതല്‍ അയ്യായിരം വരെയാണ്, പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം വിവിധ ലംഘനങ്ങള്‍ക്കു പിഴ. പിഴയിനത്തില്‍ ആകെ എത്ര ഈടാക്കിയെന്നു പൊലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 125 കോടി മുതല്‍ 150 കോടി വരെയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

മാസ്‌ക് ധരിക്കാത്തതിന് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം അഞ്ഞൂറു രൂപയാണ് പിഴ. 10.7 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ ഇതില്‍നിന്ന് 53.6 കോടി രൂപ പിഴയിനത്തില്‍ ലഭിച്ചെന്നാണ് കണക്കാക്കുന്നത്. ലോക്ക്ഡൗണ്‍ ലംഘിച്ച് വാഹനം നിരത്തിലിറക്കിയതിന് രണ്ടായിരം രൂപ വച്ച് 46 കോടി പിഴ ഈടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്വാറന്റൈന്‍ ലംഘനത്തിനും രണ്ടായിരം രൂപയാണ് പിഴ. ഇത്തത്തില്‍ 5920 കേസാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സാമൂഹ്യ അകലം പാലിക്കാത്തതിനും കൂട്ടംകൂടിയതിനും അഞ്ഞൂറു മുതല്‍ അയ്യായിരം വരെയാണ് പിഴ.

അതേസമയം, കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനത്തിന്റെ പേരില്‍ പൊലീസിനെതിരെ കര്‍ശന വിമര്‍ശനം ഉയരുമ്പോഴും പൊലീസ് നടപടിയെ കൈവിടാതെ മുഖ്യമന്ത്രി. സംസ്ഥാനത്ത് പൊലീസ് അഴിഞ്ഞാട്ടമെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി രംഗത്തുവന്നു. പൊലീസ് പൂര്‍ണമായും ജനകീയ സേനയാണെന്നും പൊലീസ് ജനങ്ങള്‍ക്കെതിരാണെന്ന തോന്നല്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ മറുപടിയായി പറഞ്ഞു.

അനുഭവത്തിലൂടെ എന്താണ് കേരളത്തിലെ പൊലീസ് എന്ന കഴിഞ്ഞകാലം കേരളത്തിന്റെ അനുഭവങ്ങള്‍ നോക്കി മനസ്സിലാക്കണം. ദുരന്തമുഖത്ത് ജനങ്ങളോട് ചേര്‍ന്നു കൊണ്ട് ജനങ്ങളെ സഹായിക്കുന്ന ഏറ്റവും വലിയ ജനകീയ സേനയായി മാറുവാന്‍ കേരളത്തിലെ പൊലീസിന് കഴിയുന്നത് നമ്മുടെ നാടിന്റെ അനുഭവമാണ്. മഹാമാരിയുടെ ഘട്ടത്തില്‍ പൊലീസ് സേന വഹിച്ച പങ്ക് നിഷേധിക്കാന്‍ കഴിയുന്നതല്ല. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുന്നത് മഹാ അപരാധമെന്ന് കരുതാന്‍ കഴിയില്ല. പൊലീസ് ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരാണെന്ന് തോന്നല്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related News