മദ്യം വാങ്ങാനെത്തുന്നവരെ കന്നുകാലികളെ പോലെയാണ് സര്‍ക്കാര്‍ കാണുന്നത്; മദ്യശാലകളിലെ തിരക്കില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

  • 10/08/2021



കൊച്ചി: പുതുക്കിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ മദ്യശാലകള്‍ക്ക് എന്തുകൊണ്ട് ബാധകമാക്കുന്നില്ലെന്ന് ഹൈക്കോടതി. മദ്യശാലകളിലും കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ, ആര്‍ടിപിസിആര്‍ ഫലമോ നിര്‍ബന്ധമാക്കണം. അങ്ങനെയെങ്കില്‍ മദ്യം വാങ്ങേണ്ടതിനാല്‍ പരമാവധി ആളുകള്‍ വാക്‌സിന്‍ എടുക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു

മദ്യം വാങ്ങാന്‍ എത്തുന്നവരെ കന്നുകാലികളെ പോലെയാണ് സര്‍ക്കാര്‍ ഇപ്പോഴും കാണുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. പൊലീസ് ബാരിക്കേട് വച്ച് അടിച്ചൊതുക്കിയാണ് മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കുന്നത്. താന്‍ നേരിട്ട് കണ്ട സംഭവമാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

കടകളില്‍ പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ, കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാഫലമോ വേണം. എന്നാല്‍ എന്തുകൊണ്ട് ഇവിടെ നടപ്പാക്കുന്നില്ല. ഈ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ നിലപാട് കോടതി ചോദിച്ചു. നാളെത്തന്നെ നിലപാട് അറിയിക്കണമെന്നും സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. കേസ് നാളെ വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.

Related News