നാടാര്‍ സംവരണം സ്‌റ്റേ ചെയ്ത സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല; സര്‍ക്കാരിന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു

  • 10/08/2021

കൊച്ചി: നാടാര്‍ സംവരണം സ്‌റ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. സര്‍ക്കാരിന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു. കേസ് ഈ മാസം 25 ലേക്ക് മാറ്റി. മറാത്ത സംവരണക്കേസിലെ സുപ്രീം കോടതി ഉത്തരവ് കണക്കിലെടുക്കാതെയാണ് സിംഗിള്‍ ബഞ്ച് ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ അപ്പീല്‍.

നാടാര്‍ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ അധിക സംവരണം ഏര്‍പ്പെടുത്തി ഫെബ്രുവരി ആറിന് ഇറക്കിയ ഉത്തരവ് ഭരണ ഘടനാ വിരുദ്ധമാണന്ന ഹര്‍ജികളിലാണ് പുതിയ വിഭാഗങ്ങളെ പിന്നാക്ക പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലന്ന് സിംഗിള്‍ ബഞ്ച് വിധിച്ചത്. സിംഗിള്‍ ബഞ്ചിന് തെറ്റ് പറ്റിയെന്ന് അപ്പീലില്‍ ചുണ്ടിക്കാട്ടിയ സര്‍ക്കാര്‍, സി.എസ്.ഐ. നാടാര്‍ വിഭാഗത്തിന് പുറത്തുള്ള ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ കേന്ദ്ര പട്ടികയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടന്ന് വ്യക്തമാക്കി. ഇക്കാര്യത്തില്‍ അനുമതി നല്‍കി കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം 2020 ഏപ്രില്‍ നാലിന് ഉത്തരവിറക്കിയിട്ടുണ്ട്.

സി.എസ്.ഐ. ഇതര ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ പട്ടികയില്‍ ഉള്‍പെടുത്തിയ സംസ്ഥാന പിന്നാക്ക കമ്മിഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സര്‍വീസ് ചട്ടത്തില്‍ ഭേദഗതിയും വരുത്തിയിട്ടുണ്ട്. ദേശീയ പിന്നാക്ക കമ്മിഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമഗ്ര പട്ടിക രാഷ്ട്രപതി വിജ്ഞാപനം ചെയ്യുന്നത് വരെ നിലവിലുള്ള പട്ടികള്‍ തുടരാമെന്നാണ് ഭൂരിപക്ഷ ബഞ്ചിന്റെ നിര്‍ദേശം. ഇക്കാര്യം സിംഗിള്‍ ബഞ്ച് അവഗണിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ക്രിസ്ത്യന്‍ വിഭാഗങ്ങളെ നാടാര്‍ സംവരണത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന ചില സംഘടനകളുടെ ആവശ്യം ഹൈക്കോടതി തന്നെ തള്ളിയിട്ടുണ്ടന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

Related News