കേരളത്തില്‍ കടുത്ത കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് ഒന്ന് മുതല്‍ 20 വരെ കേരളത്തില്‍ 4.6 ലക്ഷം കോവിഡ് കേസുകള്‍ ഉണ്ടായേക്കാമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി.'ഓണം ഉത്സവത്തോടനുബന്ധിച്ച് അണ്‍ലോക്കിങ് പ്രവര്‍ത്തനങ്ങളും ടൂറിസം മേഖല തുറന്ന് നല്‍കുന്നതും വെല്ലുവിളി സൃഷ്ടിക്കുന്നതും ആശങ്കയുണ്ടാക്കുന്നതുമാണ്' കേന്ദ്ര സംഘത്തിന് നേതൃത്വം നല്‍കുന്ന എന്‍സിഡിസി ഡയറക്ടര്‍ ഡോ. സുജീത് സിംഗ് പറഞ്ഞു.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തിയതിനുശേഷമുള്ള റിപ്പോര്‍ട്ടിനു പിന്നാലെയാണ് കേന്ദ്രം സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കിയത്.
രണ്ട് ഡോസ് വാക്സിന്‍ നല്‍കിയവര്‍ക്കും സംസ്ഥാനത്ത് ഉയര്‍ന്നതോതില്‍ രോഗബാധയുണ്ടായതായി കണ്ടെത്തി. ഇത് അന്വേഷിച്ചുവരികയാണ്. ഉദാഹരണത്തിന്, പത്തനംതിട്ട ജില്ലയില്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചതിന് ശേഷം 14,974 പേര്‍ക്കും രണ്ടും ഡോസും സ്വീകരിച്ച 5042 പേര്‍ക്കും രോഗം ബാധിച്ചു.
തങ്ങള്‍ സന്ദര്‍ശിച്ച എട്ട് ജില്ലകളിലും കോവിഡ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണെന്നും ചിലയിടങ്ങളില്‍ ടി.പി.ആര്‍ വര്‍ധിച്ചുവരികയാണെന്നും കേന്ദ്ര സംഘം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കേസുകളില്‍ 80 ശതമാനവും ഡെല്‍റ്റ വകഭേദമാണെന്നും അവര്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ സമ്പര്‍ക്ക വഴി കണ്ടെത്തല്‍ വളരെ കുറവാണെന്നാണ് കണ്ടെത്തല്‍. 1:1.2 മുതല്‍ 1:1.7 വരെയാണിത്. ആര്‍ടി വാല്യു ജൂണ്‍ ഒന്നിന് 0.8 ഉണ്ടായിരുന്നത് 1.2 ആയെന്നും അത് ഉയര്‍ന്നുവരികയാണെന്നും കേന്ദ്ര സംഘം പറയുന്നു. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ വേഗത സൂചിപ്പിക്കുന്നതാണ് ആര്‍.ടി വാല്യു. 'നിലവിലെ ആര്‍ടി വാല്യു 1.12 ആണ്. ഈ പ്രവണത അനുസരിച്ച് ഓഗസ്റ്റ് ഒന്ന് മുതല്‍ 20 വരെയുള്ള കാലയളവില്‍ 4.62 ലക്ഷം കോവിഡ് കേസുകള്‍ ഉണ്ടാകാമെന്ന് പ്രതീക്ഷിക്കുന്നു' സുജീത് സിങ് പറഞ്ഞു.
സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 മുതല്‍ 14 ശതമാനം വരെയും ചിലയിടങ്ങളില്‍ 15 മുതല്‍ 20 ശതമാനം വരെയുമാണ്. മലപ്പുറത്തും പത്തനംതിട്ടയിലും ഉയര്‍ന്ന ടി.പി.ആര്‍ പ്രവണതയാണുള്ളത്.
കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരമല്ല ജില്ലകളിലെ കണ്ടെയിന്‍മെന്റ് സോണുകള്‍ രൂപീകരിച്ചതെന്ന് കണ്ടെത്തിയതായി സംഘം പറഞ്ഞു. സി കാറ്റഗറിയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമല്ലെന്നും ഇതിന് ചുറ്റും ബഫര്‍ സോണുകളില്ലെന്നും കേന്ദ്രസംഘം വ്യക്തമാക്കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?