സീറോ മലബാര്‍ സഭ ഭൂമിയിടപാട്: എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് 3.5 കോടി രൂപ പിഴ

  • 12/08/2021


സീറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ എറണാകുളം- അങ്കമാലി അതിരൂപത പിഴയൊടുക്കണമെന്ന് ആദായനികുതി വകുപ്പ്. 3.5 കോടി രൂപ പിഴയൊടുക്കണമെന്നാണ് നിര്‍ദേശം. ഭൂമിയിടപാടില്‍ നടന്നത് ഗുരുതര സാമ്പത്തിക ക്രമക്കേടും നികുതി വെട്ടിപ്പുമാണ്. ഇടനിലക്കാരന്‍ സാജു വര്‍ഗീസിനെ പരിചയപ്പെടുത്തിയത് കര്‍ദിനാള്‍ ആണെന്ന് പ്രൊക്യുറേറ്റര്‍ മൊഴി നല്‍കിയതായും ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നെടുത്ത 58 കോടി തിരിച്ചടക്കാനാണ് സഭ ഭൂമി വിറ്റത്. എന്നാല്‍, ഈ കടം തിരിച്ചടക്കാതെ പുതിയ ഭൂമി വാങ്ങുകയാണ് ചെയ്തത്. ഈ ഇടപാടില്‍ എത്ര രൂപ നല്‍കി എന്നതിന് കൃത്യമായ രേഖയില്ല. കോട്ടപ്പടിയിലെ ഭൂമി മറിച്ചു വില്‍ക്കാന്‍ ചെന്നൈയില്‍ നിന്നുള്ള ഇടപാടുകാരെ മാര്‍ ആലഞ്ചേരി നേരിട്ടു കണ്ടതായി ഫാദര്‍ ജോഷി പുതുവ മൊഴി നല്‍കിയിട്ടുണ്ട്. മൂന്നാറിലെ ഭൂമിയിടപാട് സംബന്ധിച്ച് വ്യക്തത വരുത്താന്‍ സഭക്ക് സാധിച്ചിട്ടില്ല.

ഭൂമി മറിച്ചുവിറ്റ് ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടപാടുകള്‍ നടത്തിയത്. സഭയുടെ അക്കൗണ്ടിലുള്ള പണം ഉപയോഗിച്ചാണ് ഇടപാടുകളെന്നും ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Related News