വീട്, 15 സെന്റ് സ്ഥലം, അഞ്ച് ലക്ഷത്തോളം രൂപ; ചെങ്ങളായി പഞ്ചായത്തിന് ദാനം നല്‍കി അര്‍ജുനന്‍

  • 12/08/2021

മരണശേഷം തന്റെ സമ്പാദ്യം ചെങ്ങളായി പഞ്ചായത്തിന് നല്‍കാന്‍ ഒസ്യത്ത് എഴുതിവച്ച കിരാത്ത് സ്വദേശി അര്‍ജുനന്‍ കുനങ്കണ്ടിയുടെ വീടും സ്വത്തും ഏറ്റെടുക്കാനുള്ള നടപടി ആരംഭിച്ചു. വീടും 15 സെന്റ് സ്ഥലവും തളിപ്പറമ്പിലെ ഒരു സഹകരണ ബാങ്കിലെ അഞ്ച് ലക്ഷത്തിലേറെ വരുന്ന നിക്ഷേപവും ഉള്‍പ്പെടെയാണ് ചെങ്ങളായി പഞ്ചായത്തിന് നല്‍കാന്‍ ഒസ്യത്ത് എഴുതിവച്ചത്. 2017 നവംബര്‍ ഒന്നിനാണ് ഒസ്യത്ത് ആധാരം രജിസ്റ്റര്‍ ചെയ്തത്. അര്‍ജുനന്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 21ന് മരിച്ചു. ദീര്‍ഘകാലം ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. വീടിന്റെ പുറത്തെ ഗ്രില്ലില്‍ 'എന്റെ കാലശേഷം ഈ വീട് ചെങ്ങളായി പഞ്ചായത്തിന്' എന്ന് വെല്‍ഡ് ചെയ്ത് എഴുതിപിടിപ്പിച്ചിരുന്നു.

അര്‍ജുനന്റെ അമ്മ നാല് വര്‍ഷം മുമ്പ് മരിച്ചു. രോഗിയായ ഇദ്ദേഹം സ്ഥലം വിറ്റ തുക ഉപയോഗിച്ച് വീട് പണിയുകയും ബാക്കി തുക ബാങ്കില്‍ നിക്ഷേപിക്കുകയുമായിരുന്നു. ബാങ്കിലെ തുക അവിടെ തന്നെ നിലനിര്‍ത്തി പലിശ ഉപയോഗിച്ച് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തണമെന്നും എഴുതിയിട്ടുണ്ട്. അവകാശം പഞ്ചായത്ത് സെക്രട്ടറിക്കാണ്. ഏറ്റെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് വി പി മോഹനന്‍, സെക്രട്ടറി കെ കെ രാജേഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. പഞ്ചായത്തിന് കൈമാറിയ വീട് നല്ലരീതിയില്‍ സംരക്ഷിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്നും ജീവകാരുണ്യ പ്രവര്‍ത്തനത്തിന് അദ്ദേഹം ഒസ്യത്ത് പ്രകാരം മാറ്റിവച്ച തുക ബാങ്കില്‍നിന്ന് ലഭിക്കാനാവശ്യമായ നിയമ നടപടിയും സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Related News