ഐ.എസ്.ആര്‍.ഒ ചാരക്കേസ്: ആര്‍.ബി. ശ്രീകുമാര്‍ അടക്കം നാലു പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

  • 13/08/2021



കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥരടക്കം നാലു പ്രതികള്‍ക്ക് ഹൈകോടതിയുടെ മുന്‍കൂര്‍ ജാമ്യം. ഒന്നും രണ്ടും പ്രതികളായ മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എസ്. വിജയന്‍, തമ്ബി എസ്. ദുര്‍ഗാദത്ത്, ഏഴാം പ്രതി മുന്‍ ഐ.ബി ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബി. ശ്രീകുമാര്‍, 11ാം പ്രതി മുന്‍ ഡെപ്യൂട്ടി സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫിസര്‍ പി.എസ്. ജയപ്രകാശ് എന്നിവര്‍ക്കാണ് ജസ്റ്റിസ് അശോക് മേനോന്റെ ബെഞ്ച് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിന്റെ അന്വേഷണ സംഘമായ സി.ബി.ഐയോട് പൂര്‍ണമായി സഹകരിക്കണം, കേസിനെ അട്ടിമറിക്കാനോ സ്വാധീനിക്കാനോ മുന്‍ പദവി ഉപയോഗിച്ച് ശ്രമിക്കരുത് തുടങ്ങിയ നിബന്ധനകള്‍ ഹൈകോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. ചാരക്കേസിന്റെ ഗൂഢാലോചനയില്‍ പാക് ബന്ധം സംശയിക്കുന്നുണ്ടെന്നതടക്കം വാദങ്ങള്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാതിരിക്കാന്‍ സി.ബി.ഐ നിരത്തിയിരുന്നു. ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ഘട്ടത്തില്‍ അതിനെ തടസപ്പെടുത്തുന്ന തരത്തില്‍ രാജ്യവിരുദ്ധ ഗൂഢാലോചനയാണ് പ്രതികളുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടിയിരുന്നു.

ചാരക്കേസിന്റെ അന്വേഷണ ഘട്ടത്തിലെ വഴികളിലൂടെയാണ് തങ്ങളും പോയതെന്നാണ് പ്രതികള്‍ കോടതിയില്‍ വാദിച്ചത്. അന്നത്തെ സംഭവത്തിന്റെ പേരില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്. സമൂഹത്തിലെ സ്ഥാനം, വഹിച്ചിട്ടുള്ള ഔദ്യോഗിക പദവികള്‍ എന്നിവ കോടതി പരിഗണിക്കണമെന്നും പ്രതികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസിനെയും ആര്‍.ബി. ശ്രീകുമാറിനെയും നാലും ഏഴും പ്രതികളാക്കിയാണ് സി.ബി.ഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. സിബി മാത്യൂസിനും ആര്‍.ബി. ശ്രീകുമാറിനും പുറമെ സിറ്റി പൊലീസ് കമീഷണറായിരുന്ന വി.ആര്‍ രാജീവന്‍, കെ.കെ. ജോഷ്വ അടക്കം കേരളാ പൊലീസ്, ഐ.ബി. ഉദ്യോഗസ്ഥരടക്കം 18 പേര്‍ കേസില്‍ പ്രതികളാണ്. പ്രതികള്‍ക്കെതിരെ ഗൂഢാലോചനക്കും മര്‍ദനത്തിനും വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്.

ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയിലെ ഒന്നും രണ്ടും പ്രതികളായ മുന്‍ സ്‌പെഷല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്. വിജയന്‍, എസ്.ഐ ആയിരുന്ന തമ്ബി എസ്. ദുര്‍ഗാദത്ത് എന്നിവര്‍ക്ക് ഹൈകോടതി നേരത്തെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കൂടാതെ, കേന്ദ്ര ഇന്റലിജന്‍സില്‍ ഓഫിസറായിരുന്ന 11ാം പ്രതി പി. എസ്. ജയപ്രകാശിനെ അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവിന്റെ കാലാവധി കോടതി വീണ്ടും നീട്ടുകയും ചെയ്തിരുന്നു.

ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ പതിമൂന്നാം പ്രതിയും ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ജോയിന്റ് ഡയറക്ടറുമായിരുന്ന മാത്യു ജോണിനെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ചാരക്കേസ് അന്വേഷണവേളയില്‍ നമ്ബി നാരായണന്‍, ശശി കുമാര്‍ അടക്കമുള്ളവരെ ഐ.ബി. മുന്‍ ജോയിന്റ് ഡയറക്ടറായിരുന്ന മാത്യു ജോണ്‍ ചോദ്യം ചെയ്തിരുന്നു. മാത്യു ജോണിനെതിരെ നമ്ബി നാരായണന്‍ സി.ബി.ഐക്ക് മൊഴി നല്‍കിയ മൊഴിയുടെ അന്വേഷണത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.

മുന്‍ സ്‌പെഷല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്. വിജയന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 1994ല്‍ വഞ്ചിയൂര്‍ പൊലീസ് സ്‌റ്റേഷനില്‍ ചാരക്കേസ് രജിസ്റ്റര്‍ ചെയ്തത്.

Related News