സിനിമക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി കോടതിക്ക് ഇടപെടാനാകില്ല: ഹൈക്കോടതി

  • 13/08/2021



ഈശോ സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന പൊതുതാല്‍പര്യ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. സിനിമക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി കോടതിക്ക് അതില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

ജയസൂര്യയെ നായകനാക്കി നാദിര്‍ഷായുടെ സംവിധാനത്തിലൊരുങ്ങിയ ഈശോക്കെതിരെ ക്രിസ്ത്യന്‍ സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. സിനിമയുടെ പേര് മതവികാരം വ്രണപെടുത്തുന്നുവെന്ന് ചൂണ്ടികാട്ടി ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷനാണ് കോടതിയെ സമീപിച്ചത്. സിനിമയുടെ പേര് മാറ്റണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഉള്‍പ്പടെയുളള സംഘടനകള്‍ നേരത്തെ തന്നെ ആവശ്യമുന്നയിച്ചിരുന്നു.

ഈശോ സിനിമയുടെ അണിയറ പ്രവര്‍ത്തകരെ പരോക്ഷമായി വിമര്‍ശിച്ച് കെ.സി.ബി.സിയും രംഗത്ത് വന്നിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം മതവികാരത്തെ മുറിപ്പെടുത്താത്ത വിധമാകണമെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ തിരുത്തലുകള്‍ വരുത്തണമെന്നുമായിരുന്നു അവരുടെ ആവശ്യം.

Related News