സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കം; സര്‍ക്കാരിന്റേത് പരിസ്ഥിതി സൗഹൃദ വികസന നയമെന്ന് മുഖ്യമന്ത്രി

  • 15/08/2021



തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി. സര്‍ക്കാര്‍ പിന്തുടരുന്നത് പരിസ്ഥിതി സൗഹൃദ വികസന നയമാണെന്ന് മുഖ്യമന്ത്രി സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

രാഷ്ട്രീയ സ്വാതന്ത്ര്യം എന്നതിനൊപ്പം ദേശീയ പ്രസ്ഥാനം ഊന്നല്‍ നില്‍കിയത് സ്വതന്ത്ര ഇന്ത്യ എങ്ങനെയായിരിക്കണം എന്നതിന് കൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ച സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.

സ്വതന്ത്രരാഷ്ട്രമെന്ന നിലയ്ക്ക് നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. നിരവധി മേഖലകളില്‍ ഇനിയും മുന്നേറാനുണ്ട്. സാമ്ബത്തികവും സാമൂഹികവുമായ അസമത്വങ്ങള്‍ ശക്തമായി രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. ദാരിദ്ര്യം തുടച്ചു നീക്കാനായിട്ടില്ല. സ്ത്രീസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിലും നാട് പുറകിലാണ്. ജാതീയ വിവേചനങ്ങളും അടിച്ചമര്‍ത്തലുകളും തുടരുകയാണ്. മതവര്‍ഗീയത വലിയ ഭീഷണിയായി വളര്‍ന്നിരിക്കുന്നു. യുവജനങ്ങളില്‍ ഗണ്യമായ ശതമാനത്തിനും തൊഴിലില്ല. കര്‍ഷകരുള്‍പ്പെടെയുള്ള സാധാരണ ജനവിഭാഗം അതിജീവനത്തിനായി സമരം ചെയ്യേണ്ടിവരുന്നു.

വിമോചനത്തിന്റേയും സാമ്രാജ്യത്വവിരുദ്ധതയുടേയും തുല്യതയുടേയും ദര്‍ശനങ്ങളാല്‍ സമ്പന്നമായിരുന്ന നമ്മുടെ ദേശീയതയെ തിരിച്ചു പിടിച്ചുകൊണ്ട്, വിഭാഗീയവും വര്‍ഗീയവും മനുഷ്യത്വശൂന്യവും മതാത്മകവുമായ ഫാസിസ്റ്റ് ദേശീയബോധത്തെ നിഷ്‌കാസനം ചെയ്യേണ്ട സന്ദര്‍ഭമാണിതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

Related News