നിമിഷ ഫാത്തിമയെയും കൂട്ടരേയും താലിബാന്‍ മോചിപ്പിച്ചെന്ന് റിപ്പോര്‍ട്ട്; ഇനി താലിബാന് വേണ്ടി പ്രവര്‍ത്തിക്കും

  • 17/08/2021

കാബൂള്‍: അഫ്ഗാനിസ്താനില്‍ അഴിഞ്ഞാട്ടം തുടര്‍ന്ന് താലിബാന്‍ ഭീകരര്‍. ഇതിന്റെ ഭാഗമായി കാബൂളിലെ സൈനിക ജയില്‍ താലിബാന്‍ പിടിച്ചെടുത്തു. കൊടും ഭീകരര്‍ ഉള്‍പ്പെടെ 5000ത്തോളം തടവുകാരെ കഴിഞ്ഞ ദിവസം താലിബാന്‍ മോചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ തടവറയില്‍ കഴിയുന്ന ഐഎസ്, അല്‍ക്വയ്ദ ഭീകരര്‍ അടക്കമുള്ള തടവുകാരെയും താലിബാന്‍ തുറന്നുവിട്ടു. ഐഎസില്‍ ചേരാന്‍ ഭര്‍ത്താക്കന്മാര്‍ക്കൊപ്പം നാടുവിട്ട മലയാളികളായ നിമിഷാ ഫാത്തിമയും മെറിന്‍ ജോസഫും സോണിയ സെബാസ്റ്റ്യനും റഫീലയും ജയില്‍ മോചിതരായവരുടെ കൂടെയുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ട് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചു വരികയാണ്.

രണ്ടാം ഘട്ടത്തിലാണ് നിമിഷ ഫാത്തിമയെയും കൂട്ടരേയും താലിബാന്‍ മോചിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഭര്‍ത്താക്കന്മാര്‍ മരിച്ച ശേഷം യു.എസ് സൈന്യത്തിന് മുന്‍പ് കീഴടങ്ങിയ ഇവര്‍ അഫ്ഗാനിലെ ജയിലിലായിരുന്നു കഴിഞ്ഞിരുന്നത്. ഇവര്‍ നിലവില്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ആരോഗ്യപ്രവര്‍ത്തകരെ താലിബാന് ആവശ്യമുണ്ട്. ആയതിനാല്‍ ഇവരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ആരോഗ്യപ്രവര്‍ത്തനത്തിനായി നിയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഐഎസ് സംഘട്ടനങ്ങളില്‍ ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ട മലയാളികളായ ഇവര്‍ 2019 കളിലാണ് അഫ്ഗാന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയത്. ഇവരെ അഫ്ഗാന്‍ തടവിലാക്കുകയായിരുന്നു. നിമിഷ ഫാത്തിമയ്ക്കും കൂട്ടാളികള്‍ക്കും ഇന്ത്യയിലേക്ക് ഇനിയൊരു മടങ്ങിവരവ് ഉണ്ടാകുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്. നാലു യുവതികളും ഇപ്പോഴും തീവ്രമൗലിക വാദികളാണെന്നും രാജ്യത്ത് തിരിച്ചെത്തുന്നത് സുരക്ഷാ ഭീഷണിയാണെന്നും ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഇവരെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് കേന്ദ്രം അനുകൂല നിലപാട് അല്ല സ്വീകരിച്ചിരിക്കുന്നത്.

Related News