സ്വർണക്കടത്ത് ക്യാരിയറെ തട്ടിക്കൊണ്ടുപോയ കേസ്‌: പ്രതികൾ കസ്റ്റംസിന്റെ സീലും ലെറ്റർ ​ഹെഡും വ്യാജമായി നിർമിച്ചു

  • 18/08/2021


കോഴിക്കോട്: കൊയിലാണ്ടിയിൽ സ്വർണക്കടത്ത് ക്യാരിയറെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾ വ്യാജമായി നിർമിച്ചത് കസ്റ്റംസ് എയർ ഇന്റലിജൻസ് ഡെപ്യുട്ടി കമ്മീഷണറുടെ ലെറ്റർ ഹെഡ്ഡും സീലും. ഇവർ മറ്റു രേഖകൾ ഇതുപോലെ നിർമിച്ചോയെന്നും പൊലീസും കസ്റ്റംസും പരിശോധിക്കുന്നുണ്ട്. 

പ്രതികളെ കോടതിയിൽ ഹാജരാകുന്നതിന് മുന്നോടിയായി വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. കടത്തു സംഘത്തിന്റെ മർദനത്തിൽ ഹനീഫയ്ക്ക് നന്നായി പരിക്കേറ്റെന്നാണ് വൈദ്യ പരിശോധനാ റിപ്പോർട്ട് .

അജ്ഞാതർ തട്ടിക്കൊണ്ടുപോയി വിട്ടയച്ച ഹനീഫയെയും കൂട്ടാളിയെയും വ്യാജരേഖയുണ്ടാക്കിയെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്തത്. നേരത്തെ ദുബായില്‍നിന്നും ഹനീഫ 700 ഗ്രാം സ്വർണം നാട്ടിലെക്ക് കടത്തികൊണ്ടുവന്നിരുന്നു. ഇത് തിരിച്ചേല്‍പിക്കാത്തതിനെ തുടർന്നാണ് ഇയാളെ കടത്ത് സംഘം തട്ടിക്കൊണ്ട്പോയതെന്നാണ് പോലീസ് നിഗമനം.

ഞായറാഴ്ച രാത്രിയാണ് കൊയിലാണ്ടി സ്വദേശി ഹനീഫയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി പുലർച്ചെ വിട്ടയച്ചത്. മെയ് മാസം ദുബായില്‍നിന്നും നാട്ടിലെത്തിയ ഹനീഫ 700 ഗ്രാം സ്വർണം വിമാനത്താവളം വഴി കടത്തിയിരുന്നു. എന്നാല്‍ ഇത് ഉടമകൾക്ക് നല്‍കിയിരുന്നില്ല. പകരം സ്വർണം കസ്റ്റംസ് പിടിച്ചെന്നറിയിച്ചു. ഇതിന് തെളിവായി കസ്റ്റംസിന്‍റേതെന്ന പേരില്‍ സ്ലിപ്പും ഹാജരാക്കി. എന്നാല്‍ സ്ലിപ് വ്യാജമായി ഉണ്ടാക്കിയതാണെന്ന് കടത്ത്സംഘം കണ്ടെത്തി. തുടർന്നാണ് ഹനീഫയെ തട്ടിക്കൊണ്ട് പോയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.

ജൂലൈയില്‍ സ്വർണകടത്ത് കാരിയറായിരുന്ന കൊയിലാണ്ടി സ്വദേശി അഷറഫിനെ സ്വർണം തിരിച്ചേല്‍പിക്കാത്തതിനെ തുടർന്ന് കടത്ത് സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചിരുന്നു.

Related News