ലീഗിനെ പുലഭ്യം പറയാന്‍ ഇത്തരമൊരു സാധനത്തെയോ കിട്ടിയത്; ജസ്‌ലയെ അധിക്ഷേപിച്ച് ഷാഫി ചാലിയം

  • 19/08/2021

തിരുവനന്തപുരം: ഹരിതയിലെ വിവാദവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനെതിരെ രൂക്ഷമായി പ്രതികരിച്ച ആക്ടിവിസ്റ്റ് ജസ്‌ല മാടശ്ശേരിയെ അധിക്ഷേപിച്ച് ഷാഫി ചാലിയം. മുസ്ലിം ലീഗ് സ്ത്രീവിരുദ്ധ സംഘടനയാണ് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും സ്ത്രീ എന്നാല്‍ ചോറിനും പേറിനും ഉള്ളതാണ് എന്ന ചിന്തയാണ് ഇക്കൂട്ടര്‍ക്കുള്ളതെന്നും ജസ്‌ല ഒരു ചാനല്‍ ചര്‍ച്ചയില്‍ ആരോപിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത ഷാഫി ജസ്‌ലയ്ക്ക് നേരെ അധിക്ഷേപകരമായ പരാമര്‍ശനങ്ങളാണ് നടത്തിയത്.

'ഉത്തമ സ്ത്രീ മാതൃകയായിട്ട് ജസ്‌ലയെ കാണാനാകില്ല. അവരുടെ സാമൂഹിക ഇടപെടലുകള്‍ ഞാന്‍ വീക്ഷിക്കുന്നുണ്ട്. രഹ്ന ഫാത്തിമയെ നഗ്‌നയാക്കി ശരീരത്തില്‍ ചിത്രം വരച്ചല്ലോ. എന്ത് വൃത്തികേടാണ് അതൊക്കെ. മാറ് മറയ്ക്കാന്‍ അവകാശമില്ലാത്ത ഒരു കാലഘട്ടത്തെ സൂചിപ്പിക്കാന്‍ ഇവര്‍ക്കെന്താണ്? ഇവര്‍ മറയ്ക്കുന്നുണ്ടോ?' എന്നായിരുന്നു ചര്‍ച്ചയ്ക്കിടെ ഷാഫി ചാലിയം ചോദിച്ചത്.

ഇതിനു കൃത്യമായ മറുപടിയും ജസ്‌ല നല്‍കി. ബോഡി ആര്‍ട്ട് ഒരു കലയാണ്. അതിനെ ബഹുമാനിക്കാന്‍ പഠിക്കണമെന്നായിരുന്നു ജസ്‌ല നല്‍കിയ മറുപടി. ഒരു ആര്‍ട്ടിസ്റ്റ് ആയ തനിക്ക്, എവിടെ എങ്ങനെ ചിത്രം വരയ്ക്കണമെന്ന് അറിയാമെന്നും ചിത്രരചനയിലൂടെ തങ്ങളുടെ രാഷ്ട്രീയമാണ് മുന്നോട്ട് വെയ്ക്കുന്നതെന്നും ജസ്‌ല പറഞ്ഞു.

'മുസ്ലിം ലീഗിന്റെ വേദിയില്‍ പണ്ട് പറഞ്ഞൊരു കാര്യമുണ്ട്. ഇത് മുസ്ലിം ലീഗ് ആണ്. മുസ്ലിം ലീഗിന്റെ രാഷ്ട്രീയം മറ്റൊന്നാണ്. പെണ്‍കുട്ടികള്‍ പിന്നിലിരിക്കണം. പെണ്‍കുട്ടികള്‍ ഏത് വരെ സംസാരിക്കണം. നിങ്ങളുടെ രാഷ്ട്രീയം ഇതാണ്. സ്ത്രീകള്‍ എവിടെ വരെ നിക്കണം എന്നൊക്കെ നിങ്ങള്‍ പറയുന്നുണ്ട്. അത് നിങ്ങളുടെ മതത്തിനുള്ളിലും നിങ്ങളുടെ രാഷ്ട്രീയത്തിനുള്ളിലും മതി. ഇത്തരത്തില്‍ സ്ത്രീകളെ പിന്നോട്ടടിക്കുന്ന, സ്ത്രീവിരുദ്ധമായിട്ടുള്ള പ്രസ്താവനകളൊന്നും നിങ്ങള്‍ പൊതുസമൂഹത്തിലേക്ക് അടിച്ചിറക്കണ്ട. അതൊക്കെ സ്വന്തം ഒക്കത്ത് വെച്ചാല്‍ മതി', ജസ്‌ല പറഞ്ഞു.

എന്നാല്‍, ചര്‍ച്ചയിലുടനീളം ജസ്‌ലയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിലപാട് ആണ് ഷാഫി ചാലിയം സ്വീകരിച്ചത്. കേരളത്തിലെ സ്ത്രീകള്‍ക്ക് വേണ്ടി വാദിക്കാന്‍ ജസ്‌ലയ്ക്ക് ഒരു അവകാശവുമില്ലെന്ന തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ഷാഫി പറഞ്ഞു. 'കേരളത്തിലെ ഒരു സ്ത്രീയും ഇഷ്ടപ്പെടുന്ന ഒരു പ്രകൃതമല്ല ഇവരുടേത്. ഇത്തരത്തിലുള്ള ആളുകളുള്ള ചര്‍ച്ചയ്ക്ക് ഞാനുണ്ടാകില്ല. ഒരു പെണ്ണിന്റെ നഗ്‌നമാക്കി ചിത്രം വരയ്ക്കുന്നതാണോ കല? ഇത്തരത്തില്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുന്നവരെയാണോ നിങ്ങള്‍ എനിക്കെതിരെ കൊണ്ടുവരുന്നത്? ലീഗിനെ പുലഭ്യം പറയാന്‍ ഇത്തരമൊരു സാധനത്തെയോ കിട്ടിയത്', ഷാഫി പറഞ്ഞു.

Related News