ഫോണ്‍വിളി കേസില്‍ ശശീന്ദ്രന് ക്ലീന്‍ചിറ്റ്; കേസ് പിന്‍വലിച്ചാല്‍ നിയമപരമായി നേരിടുമെന്ന് വി.ഡി സതീശന്‍

  • 20/08/2021

തിരുവനന്തപുരം: പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ കുണ്ടറയില്‍ യുവതിയെ ഫോണില്‍ ബന്ധപ്പെട്ട സംഭവത്തില്‍ വനം മന്ത്രി എകെ ശശീന്ദ്രന് ക്ലീന്‍ചിറ്റ്. പരാതി ഒതുക്കി തീര്‍ക്കണമെന്ന ആരോപണത്തിന് അര്‍ത്ഥമില്ലെന്ന് നിയമോപദേശം ലഭിച്ചു. നല്ല നിലയില്‍ പരിഹരിക്കണം എന്ന വാക്കാണ് ശശീന്ദ്രന്‍ ഉപയോഗിച്ചിരിക്കുന്നതെന്നാണ് വാദം. മലയാള നിഘണ്ടു ഉദ്ധരിച്ചാണ് മന്ത്രിയുടെ വാക്കുകളില്‍ തെറ്റില്ലെന്ന് നിയമോപദേശം ലഭിച്ചത്. ജില്ലാ ഗവണ്‍മെന്റ് പഌഡര്‍ ആര്‍. സേതുനാഥന്‍പിള്ള ശാസ്താംകോട്ട ഡിവൈഎസ്പിക്കാണ് നിയമോപദേശം കൈമാറിയത്. മന്ത്രിക്കെതിരെ കേസെടുക്കണമെന്ന പരാതിയില്‍ പൊലീസ് നിയമോപദേശം തേടിയിരുന്നു. 

ഒപ്പം ഇരയ്ക്ക് എതിരെയും പരാമര്‍ശം ഇല്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശത്തില്‍ ഉണ്ട്. പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണ് നിയമോപദേശം.പരാതിക്കാരിയുടെ അച്ഛനോട് നല്ല നിലയില്‍ പരിഹരിക്കണം എന്നാണ് മന്ത്രി പറഞ്ഞത്. പരിഹരിക്കുക എന്ന വാക്കിന് നിവൃത്തി വരുത്തുക, കുറവ് തീര്‍ക്കുക എന്നതാണ് അര്‍ഥം എന്ന് നിയമോപദേശത്തില്‍ പറയുന്നു.

അതേസമയം ശശീന്ദ്രനെതിരായ ഫോണ്‍വിളി കേസ് പിന്‍വലിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. കേസ് പിന്‍വലിച്ചാല്‍ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.കോവിഡാന്തര ചികിത്സക്ക് പണം ഈടാക്കിയാല്‍ സമരമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തില്‍ ഡി.സി.സിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുറ്റം ചെയ്‌തെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും സതീശന്‍ പറഞ്ഞു. ഡി.സി.സി പുനഃസംഘടനയില്‍ പരസ്യ പ്രതിഷേധം അനുവദിക്കില്ലെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related News