താലിബാന്‍ ക്രൂരത; സ്ത്രീപക്ഷ വാദികളുടെ മൗനം ഭയാനകമെന്ന് വി.എ ശ്രീകുമാര്‍

  • 21/08/2021

കൊച്ചി: കുട്ടികളെ പോലും വെറുതെ വിടാത്ത താലിബാന്‍ ക്രൂരതയ്ക്ക് മുന്നിലും ചില സ്ത്രീപക്ഷ വാദികളുടെ മൗനം ഭയാനകമാണെന്ന് സംവിധായകന്‍ വി.എ ശ്രീകുമാര്‍. മതത്തെ ഏറ്റവും മോശവും മാനവവിരുദ്ധവുമായ ആയുധമാക്കുന്നതാണ് അഫ്ഗാനിസ്താനില്‍ കാണുന്നത്. സ്ത്രീകള്‍ക്കും സ്വാതന്ത്ര്യത്തിനും നേരെ താലിബാന്‍ നടത്തുന്ന ക്രൂരതകളെ മതപരമായി കാണാനാവില്ലെന്നും അദ്ദേഹം കുറിച്ചു.

അധികാരമത്ത് മൂത്ത ഒരുകൂട്ടം ഭീകരരുടെ മതത്തിന്റെ മറവിലുള്ള നരനായാട്ടാണ് അഫ്ഗാനിസ്താനില്‍ നടക്കുന്നത്. മതഗ്രന്ഥങ്ങളിലെ സ്‌നേഹത്തെയും വിശുദ്ധിയെയും വികൃതമായി വളച്ചൊടിക്കുകയാണ്. നമ്മുടെ രാജ്യത്ത് നിന്നുയരുന്ന താലിബാന്‍ അനുകൂല ശബ്ദങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ശ്രീകുമാര്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മതത്തെ ഏറ്റവും മോശവും മാനവവിരുദ്ധവുമായ ആയുധമാക്കുന്നതാണ് അഫ്ഗാനിസ്ഥാനില്‍ കാണുന്നത്. വിഭജിക്കപ്പെട്ടില്ലായിരുന്നു എങ്കില്‍ നാം ഒരേ ജനത. സ്ത്രീകള്‍ക്കും സ്വതന്ത്ര്യത്തിനും നേരെ താലിബാന്‍ നടത്തുന്ന ക്രൂരതകളെ മതപരമായി കാണാനാവില്ല. അധികാരമത്ത് മൂത്ത ഒരുകൂട്ടം ഭീകരരുടെ മതത്തിന്റെ മറവിലുള്ള നരനായാട്ടാണിത്. മതഗ്രന്ഥങ്ങളിലെ സ്‌നേഹത്തെയും വിശുദ്ധിയെയും വികൃതമായി വളച്ചൊടിക്കുകയാണ്.

ബാലികമാരെ പോലും വെറുതെ വിടാത്ത ക്രൂരതയ്ക്കു മുന്നിലും ചില സ്ത്രീപക്ഷ വാദികളുടെ വരെ മൗനം ഭയാനകമായി തോന്നി. കൊന്നൊടുക്കിയ ഹിറ്റ്‌ലര്‍ ഒടുവില്‍ സ്വയം കൊന്നതാണ് ചരിത്രം. ഇത്തരക്കാരോട് ചരിത്രം ക്ഷമിച്ചിട്ടില്ല. നമ്മുടെ രാജ്യത്ത് നിന്നുയരുന്ന താലിബാന്‍ അനുകൂല ശബ്ദങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. അഫ്ഗാനില്‍ കൊല്ലപ്പെട്ട. ഉറ്റവരും മണ്ണും നഷ്ടപ്പെട്ട ഓരോരുത്തരോടും ഐക്യദാര്‍ഢ്യം. ഭീകരത കൊണ്ട് കെട്ടിപ്പൊക്കുന്ന പ്രസ്ഥാനങ്ങള്‍ തകര്‍ന്നു വീഴും; തീര്‍ച്ച!

Related News