ലോകമെങ്ങും മലയാളികൾ തിരുവോണം ആഘോഷിച്ചു: വീടുകൾക്കുള്ളിൽ ഒതുങ്ങി ആഘോഷം

  • 21/08/2021



തിരുവനന്തപുരം: ആഹ്ലാദത്തിന്‍റെ പൂക്കളമിട്ടും സംതൃപ്തിയുടെ സദ്യയുണ്ടും ലോകമെങ്ങും മലയാളി തിരുവോണം ആഘോഷിച്ചു. കൊവിഡ് പകർച്ചയുടെ മൂർദ്ധന്യതയിൽ സംസ്ഥാനം എത്തിനിൽക്കേയുള്ള ഓണം വീടുകൾക്കുള്ളിൽ ഒതുങ്ങി. തൃക്കാക്കരയിലും ആറന്മുളയിലും പരമ്പരാഗത തിരുവോണ ചടങ്ങുകൾ നിയന്ത്രണങ്ങളോടെ നടന്നു. പ്രധാനമന്ത്രിയും രാഷ്ട്രപതിയും  തിരുവോണാശംസ നേർന്നു.

ഏത് ദുരിതത്തെയും അതിജീവിക്കുമെന്ന പ്രത്യാശയുടെത് കൂടിയാണ് ഇത്തവണത്തെ കരുതലോണം. പുലിയിറക്കവും പൂക്കളമത്സരവും ജലമേളകളും ഇല്ലായിരുന്നു. വായനശാലയുടെ ഓണാഘോഷവും സ്കൂൾ മുറ്റത്തെ മിഠായി പെറുക്കലും കാമ്പസിലെ കമ്പവലിയുടെ ആവേശപ്പെരുക്കവും ഉണ്ടായില്ല. എന്നിട്ടും ഈ ഓണം മനസുകൊണ്ട് ഒന്നിച്ചുതന്നെ മലയാളി ആഘോഷിച്ചു. ആകാവുന്നവരൊക്കെ ഓടിയെത്തി. ഒരുമിച്ചൊരുങ്ങി, ഒന്നിച്ചിരുന്ന് വീടുകൾക്കുള്ളിൽ സംതൃപ്തിയോടെ മലയാളി തിരുവോണമുണ്ടു.

ഓണം വാരാഘോഷത്തിൽ മുങ്ങാറുള്ള തലസ്ഥാന നഗരം ഇത്തവണയും നിശബ്ദമായിരുന്നു. ഓണസദ്യക്കും പായസത്തിനും ഇത്തവണ നഗരങ്ങളിൽ പലരും ഹോട്ടലുകളെ ആശ്രയിച്ചു. കേറ്ററിംഗ് സ്ഥാപനങ്ങളിലെ അടുക്കളകളിൽ വന്‍ തിരക്ക്. ക്ഷേത്രങ്ങളിൽ പ്രത്യേക ക്രമീകരണങ്ങളോടെ ദർശന സൗകര്യം ഏർപ്പെടുത്തിയിരുന്നു. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഓണവിൽ സമർപ്പണമടക്കം എല്ലാം ചടങ്ങി മാത്രമായി നടന്നു. തിരുവോണദിന ചടങ്ങുകൾക്ക് പ്രസിദ്ധമായ ആറന്മുളയിലും തൃക്കാക്കരയിലും പേരിനുമാത്രമായി ചടങ്ങുകൾ നടന്നു.

ഓണക്കഥയിലെ നായകനെയും പ്രതിനായകനേയും ഒരുപോലെ ആരാധിക്കുന്ന തൃക്കാക്കര ക്ഷേത്രത്തിൽ ഇത്തവണയും വിപുലമായ തിരുവോണാഘോഷമുണ്ടായില്ല.  കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ചടങ്ങുകൾ മാത്രമാണ്‌ നടന്നത്. ആഘോഷങ്ങൾ പൂർണ്ണമായും ഒഴിവാക്കിയെങ്കിലും ആചാരങ്ങൾ തനിമയോടെ തുടർന്നു. കേരളത്തിലെ ഏക വാമനമൂർത്തി ക്ഷേത്രത്തിൽ പതിവ് തിരക്കുകളില്ലാതെ ഭക്തർ മഹാബലിയെ വരവേറ്റു.

രാവിലെ എട്ട് മണിയോടെ മഹാബലിയെ വാമനൻ എതിരേൽക്കുന്ന പ്രതീകത്മക ചടങ്ങ് നടന്നു. കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ഭക്ത ജനങ്ങൾക്ക് പ്രവേശനം. തിരുവോണ ദിവസത്തെ പതിവ് തിരക്കില്ലാതെ അളുകൾ കൊവിഡ് കാല ഓണത്തിനൊപ്പം നിന്നു. ക്ഷേത്രത്തിൽ നടത്താറുള്ള തിരുവോണസദ്യയും ഇത്തവണയും ഒഴിവാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ക്ഷേത്രദർശനത്തിനെത്തി. ക്ഷേത്രത്തിൽ അത്തം നാളിൽ കൊടിയേറിയ ഉത്സവത്തിന് വൈകിട്ടോടെ കൊടിയിറക്കം. ആറെട്ടെഴുന്നള്ളത്തോടെ അവസാനം. പിന്നെ അടുത്തിരുന്നുണ്ണുന്ന അടുത്ത പൊന്നോണക്കാലത്തേക്ക് പ്രതീക്ഷ വച്ചുള്ള കാത്തിരിപ്പാണ്.

അതേസമയം, ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള ഓണ വിഭവങ്ങളുമായി ആഘോഷം തെല്ലുമില്ലാതെ തിരുവോണ തോണി എത്തി. ഇന്നലെ വൈകീട്ട് കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നാണ് തോണി പുറപ്പെട്ടത്. നിയന്ത്രണങ്ങളുടെ ഭാഗമായി മൂന്ന് പള്ളിയോടങ്ങൾ മാത്രാമാണ് തിരുവോണ തോണിക്ക് അകമ്പടി സേവിച്ചത്.

ആറന്മുളയിൽ ഇക്കൊല്ലവും ആളും ആരവവും കുറഞ്ഞ ഓണാഘോഷ ചടങ്ങുകൾ. ഇന്നലെ കാട്ടൂരിൽ നിന്ന് പുറപ്പെട്ട തിരുവോണത്തോണിയിൽ ഉണ്ടായിരുന്നത് 40 പേർ മാത്രം. ഇന്ന് പുലർച്ചെ ആറ് മണിയോടെ തോണി ആറന്മുള ക്ഷേത്രത്തിൽ എത്തി. കിഴക്ക് ഇടക്കുളം മുതൽ പടിഞ്ഞാറ് ചെന്നിത്തല വരെയുള്ള 52 കരകളെ പ്രതിനിധീകരിച്ച മാരമൺ, കോഴഞ്ചേരി , കീഴ് വന്മഴി പള്ളിയോടങ്ങളാണ് അകന്പടി സേവിച്ചത്.പള്ളിയോടങ്ങളിലും 40 പേർ മാത്രം.

ക്ഷേത്രക്കടവിലെത്തിയ തോണി ദേവസ്വം ബോർഡ് അധികൃതരും പള്ളിയോട സേവ സംഘം ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നുള്ള ദീപം മങ്ങാട്ട് രാജേന്ദ്രബാബു ഭട്ടതിരി ക്ഷേത്ര മേൽശാന്തിക്ക് കൈമാറി. തിരുവോണ തോണിയെ സ്വീകരിക്കുന്ന സമയത്ത് ഭക്തർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല. 7 മണിക്ക് ശേഷമാണ് ആളുകളെ കയറ്റിതുടങ്ങിയത്. ഉച്ചയ്ക്ക് ഓണ സദ്യ കഴിച്ച് മങ്ങാട്ട് ഭട്ടതിരി കുമാരനെല്ലൂരിലേക്ക് മടങ്ങുന്നതോടെ ചടങ്ങുകൾ അവസാനിക്കും. 25 നാണ് ആചാര പ്രകാരം മാത്രമുള്ള ജല മേള.

കനത്ത മഴയോടെയാണ് ദില്ലി നഗരം തിരുവോണനാളിനെ വരവേറ്റത്. കൊവിഡ് കാലമായതിനാൽ വീടുകളിൽ തന്നെയാണ് ഈക്കുറിയും മറുനാടൻ മലയാളികളുടെ ഓണാഘോഷം. നാടിന്റെ ഓർമ്മകളിൽ കരുതലോടെ ഓണം ആഘോഷിക്കുകയാണ് ദില്ലി ഉൾപ്പെടെ ഇതരസംസ്ഥാനങ്ങളിലെ മലയാളി സമൂഹം. മലയാളി സംഘടനകളും ഓൺലൈനായി ഓണാഘോഷം നടത്തുന്നുണ്ട്.

Related News