സാമ്പത്തിക പ്രതിസന്ധി കാരണമാണ് ആഫ്രിക്കയില്‍ സ്വര്‍ണഖനനത്തിന് പോയത്: പി.വി അന്‍വര്‍ എം.എല്‍.എ

  • 22/08/2021


കോഴിക്കോട്: യു.ഡി.എഫ് തന്നെ നിരന്തരം വേട്ടയാടുന്നുവെന്ന് പി.വി അന്‍വര്‍ എം.എല്‍.എ. ആഫ്രിക്കയിലേക്ക് പോയത് പാര്‍ട്ടി അനുമതിയോടെയാണെന്നും പി.വി. അന്‍വര്‍ മീഡിയ വണ്ണിനോട് പറഞ്ഞു. പാര്‍ട്ടി എനിക്ക് മൂന്ന് മാസം ലീവ് അനുവദിച്ചിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധി മൂലം നാട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇപ്പോള്‍ ആഫ്രിക്കയിലെ സിയറ ലിയോണില്‍ സ്വര്‍ണഖനനത്തിലാണ് എന്നും അദ്ദേഹം പറഞ്ഞു. നാട്ടില്‍ അത്യാവശ്യം കച്ചവടവുമായി ജീവിച്ച് പോയിരുന്ന ഒരാളാണ് ഞാന്‍. നിരന്തരം കള്ള വാര്‍ത്തകള്‍ നല്‍കി മാധ്യമങ്ങള്‍ അത് പൂട്ടിച്ചു. അതുകൊണ്ടാണ് എനിക്ക് അവിടെ നിന്ന് ആഫ്രിക്കയില്‍ വരേണ്ടി വന്നത്. മാധ്യമങ്ങളാണ് തന്നെ നാടുകടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജൂണ്‍ 16 നോ മറ്റോ ആണ് വന്നത്. ഞായറാഴ്ച പോലും പ്രര്‍ത്തിക്കുന്ന എം.എല്‍.എ ഓഫീസാണ് എന്റെത്. ഒരു മാസത്തിന് ശേഷമെ മടങ്ങി വരുകയുള്ളു പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കല്യാണങ്ങള്‍ക്ക് പോകലും വയറുകാണലും നിശ്ചയത്തിന് പോയി ബിരിയാണികഴിക്കലും അല്ല എം.എല്‍.എയുടെ പണി. വോട്ട് നേടാന്‍ വേണ്ടി ഒരു കല്യാണത്തിനും ഞാന്‍ പോയിട്ടില്ല. പോവുകയുമില്ല. എന്റെ തൊട്ടടുത്ത എം.എല്‍.എയുടെ പേര് കല്യാണരാമന്‍ എന്നാണ് അറിയുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തില്ലെങ്കിലും മണ്ഡലവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ സഭയില്‍ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു എം.എല്‍.എ ആയാല്‍ ആര്‍ക്കും കുതിര കയറാമെന്ന് ധാരണയുള്ള പത്രക്കാര്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലമ്ബൂര്‍ എം.എല്‍.എയായ പി.വി അന്‍വര്‍ വീണ്ടും മണ്ഡലത്തില്‍ നിന്നും അപ്രത്യക്ഷനായതായി വാര്‍ത്തകള്‍ വന്നിരുന്നു.. ബിസിനസ് ആവശ്യാര്‍ര്‍ഥം ആഫ്രിക്കയിലെ സിയെറ ലിയോണിലാണ് പി.വി അന്‍വര്‍ നിലവിലുള്ളത്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇക്കഴിഞ്ഞ ജൂണിലാണ് പി.വി അന്‍വര്‍ ആഫ്രിക്കയിലേക്ക് തിരികെ പോയത്. നിയമസഭാ സമ്മേളനത്തിലടക്കം പി.വി അന്‍വര്‍ പങ്കെടുത്തിരുന്നില്ല. എം.എല്‍.എയെ കാണാനില്ലെന്ന പരാതി പ്രതിപക്ഷ കക്ഷിക്കളടക്കം ഉയര്‍ത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്ബ് മണ്ഡലത്തിലെ എം.എല്‍.എയുടെ അസാന്നിധ്യം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

എം.എല്‍.എ അപ്രത്യക്ഷനായതിന് പിന്നാലെ സിയെറ ലിയോണ്‍ പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് എതിരാളികള്‍. 'ഞങ്ങളെ അമ്ബൂക്കാനെ വിട്ട് തരൂ', 'ഞങ്ങളെ അന്‍വര്‍ക്കാനെ വിട്ടു തരൂ, 'അമ്പര്‍ക്കാനെ തിരികെ കയറ്റി വിടൂ' എന്നിങ്ങനെ പരിഹാസ കമന്റുകള്‍ പേജില്‍ നിറഞ്ഞിരുന്നു. ഇംഗ്ലീഷില്‍ അടക്കം എഴുതിയ കമന്റുകള്‍ക്ക് പിന്നില്‍ യു.ഡി.എഫ് സൈബര്‍ പ്രവര്‍ത്തകരാണെന്നാണ് പറയുന്നത്. വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകനെതിരെ രൂക്ഷ വിമര്‍ശനവും അന്‍വര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

Related News