കോവിഡ് വ്യാപനം: പതിനൊന്ന് ജില്ലകളില്‍ ആശുപത്രി കിടക്കകള്‍ നിറയുന്നു

  • 22/08/2021



തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഓണവിപണിയിലെ തിരക്കും ആഘോഷവും കോവിഡ് കണക്കില്‍ പ്രതിഫലിച്ച് തുടങ്ങിയിട്ടില്ല. പക്ഷേ അതിന് മുന്‍പേ രോഗവ്യാപനം രൂക്ഷമാവുകയാണ്. മൂന്നുമാസത്തനിടെ ആദ്യമായി ഇന്നലെ ടിപിആര്‍ 17 % കടന്നു. ആനുപാതികമായി ആശുപത്രിയിലുള്ള രോഗികളും കൂടുകയാണ്.

പതിനൊന്ന് ജില്ലകളില്‍ ആശുപത്രി കിടക്കകള്‍ 50 ശതമാനത്തിലേറെ നിറഞ്ഞു. രോവ്യാപനം കൂടുതലുള്ള വടക്കന്‍ ജില്ലകളില്‍ കോവിഡ്, കോവിഡ് ഇതര വിഭാഗങ്ങളിലായി സര്‍ക്കാര്‍ ആശുപത്രികളിലെ കിടക്കകളും ഐസിയുകളും നിറയുകയാണ്. മലപ്പുറത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ 72 ശതമാനം കിടക്കകളിലും രോഗികളുണ്ട്. വരും ദിവസങ്ങളില്‍ സാഹചര്യം തുടര്‍ന്നാല്‍ സ്വകാര്യ ആശുപത്രികളെ കൂടുതലായി ആശ്രയിക്കേണ്ടി വരും. പ്രതിദിന മരണസംഖ്യ കുറയാത്തതും ആശങ്കയാണ്. 887 കിടക്കകളുള്ള കാസര്‍കോട് 704ലും രോഗികളായി, അതായത് 79%. തൃശൂരില്‍ 73 % പാലക്കാട് 66.3 % കോഴിക്കോട് 56 % എന്നിങ്ങനെയുമാണ് രോഗികള്‍. വയനാട്, പത്തനംതിട്ട, എറണാകുളം, ഇടുക്കി. കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ 40 ശതമാനം കിടക്കകളാണ് അവശേഷിക്കുന്നത്. നിലവില്‍ 1.78 ലക്ഷമാണ് ആക്റ്റീവ് കേസുകള്‍. അടുത്തമാസത്തോടെ ഇത് നാലുലക്ഷം വരെ ഉയരാമെന്നാണ് വിലയിരുത്തല്‍.

ഇപ്പോഴും രാജ്യത്ത് ആകെ രോഗികളുടെ അന്‍പത് ശതമാനത്തിലധികവും കേരളത്തില്‍ തന്നെയാണ്. പൊതുസ്ഥലങ്ങളില്‍ പരിശോധന വീണ്ടും കര്‍ശനമാക്കും. മൂന്നാംഓണം പ്രമാണിച്ച് ഇന്ന് ലോക്ക്ഡൗണില്ല. ഇന്നലെ രോഗികളുടെ എണ്ണം കുറവായിരുന്നെങ്കിലും ടിപിആര്‍ 17 കടന്നിരുന്നു.

Related News