കുവൈറ്റ് സിറ്റി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വളർച്ച ആഗോള മാധ്യമമേഖലയിൽ വലിയ മാറ്റങ്ങൾ വരുത്തുമ്പോൾ തന്നെ, നിലവിലെ പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളിൽ മാധ്യമ സ്ഥാപനങ്ങൾക്ക് വിവരങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുന്നത് വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ട്. മേഖലയിലുണ്ടായ സമീപകാല പ്രതിസന്ധിയുടെ ആദ്യ 48 മണിക്കൂറിനുള്ളിൽ, എഐ അധിഷ്ഠിതമായ ‘ഡീപ്ഫേക്ക്’ സാങ്കേതികവിദ്യയും മറ്റ് സിന്തറ്റിക് മീഡിയ ടൂളുകളും ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ഉള്ളടക്കങ്ങൾ ഓൺലൈനിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് പൊതുസുരക്ഷയ്ക്ക് വലിയ ആശങ്ക ഉയർത്തിയിട്ടുണ്ട്.ഈ പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ ഡിജിറ്റൽ ഇടം സുരക്ഷിതമാക്കുന്നതിനും പൊതുജനങ്ങളിൽ അവബോധം ശക്തമാക്കുന്നതിനും ഉത്തരവാദിത്തമുള്ള വസ്തുതാധിഷ്ഠിത ജേണലിസം ഉറപ്പാക്കുന്നതിനുമായി കുവൈറ്റ് സർക്കാർ സ്ഥാപനങ്ങളും അക്കാദമിക് വിദഗ്ദ്ധരും മാധ്യമ സംഘടനകളും സഹകരണം ശക്തമാക്കിയിരിക്കുകയാണ്.
ഓൺലൈനിലൂടെ പ്രചരിക്കുന്ന തെറ്റിദ്ധാരണാജനകമായ ഉള്ളടക്കങ്ങളെയും പ്രത്യേകിച്ച് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ വിവരങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം കുവൈറ്റ് ആർമി, നാഷണൽ ഗാർഡ്, നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ, കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി എന്നിവയുമായി ചേർന്ന് ശക്തമായ ഏകോപനം നടത്തിവരികയാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റ് മേധാവി ലെഫ്റ്റനന്റ് കേണൽ സൗദ് അൽ വസ്സാൻ പറഞ്ഞു. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന രീതിയിലുള്ള വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.



