കുവൈത്ത് സിറ്റി, ജൂലൈ 26: കുവൈത്തിൽ ഭീകരസംഘത്തെ അറസ്റ്റ് ചെയ്തെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജവും ഔദ്യോഗിക അടിസ്ഥാനമില്ലാത്തതുമാണെന്ന് ആഭ്യന്തര മന്ത്രാലയം (MOI) വ്യക്തമാക്കി.ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൂർണ സുതാര്യതയോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
ഭീകരവാദമോ മറ്റ് സുരക്ഷാ സംഭവങ്ങളുമായി ബന്ധപ്പെട്ട അറസ്റ്റുകളോ ഉണ്ടായാൽ, അത് ഔദ്യോഗിക നടപടിക്രമങ്ങൾ അനുസരിച്ച് മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകളിലൂടെ പൊതുജനങ്ങളെ അറിയിക്കുമെന്നും വ്യക്തമാക്കി.സ്ഥിരീകരിക്കാത്ത വിവരങ്ങളും അഭ്യൂഹങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയോ പങ്കുവെക്കുകയോ ചെയ്യരുതെന്നും, ഔദ്യോഗിക സർക്കാർ സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
പൊതുതാൽപര്യത്തിന് ഹാനികരമായ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കുവൈത്തിലെ നിലവിലുള്ള നിയമങ്ങൾ പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക അറിയിപ്പുകൾക്കും മന്ത്രാലയത്തിന്റെ ഔദ്യോഗിക അക്കൗണ്ടുകളും സർക്കാർ സ്ഥാപനങ്ങളുമാണ് വിശ്വസനീയമായ സ്രോതസുകളെന്നും അധികൃതർ ആവർത്തിച്ചു.



