കുവൈറ്റ് സിറ്റി: സ്വർണം, വിലപിടിപ്പുള്ള ലോഹങ്ങൾ, രത്നങ്ങൾ എന്നിവയുടെ വ്യാപാര മേഖലയിലെ കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായങ്ങളും തടയുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയം സമഗ്രമായ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സംശയാസ്പദമായ ഇടപാടുകൾ കൃത്യമായി തിരിച്ചറിയാനും വിലയിരുത്താനും സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി പ്രത്യേക ജാഗ്രതാ സൂചകങ്ങളുടെ പട്ടികയും പുതിയ മാർഗ്ഗരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉപഭോക്താക്കളുടെ വിവരശേഖരണം (കസ്റ്റമർ ഡ്യൂ ഡിലിജൻസ്), വിവരങ്ങളുടെ സൂക്ഷിപ്പ്, ഉപഭോക്താക്കളുടെ പെരുമാറ്റരീതികൾ എന്നിവ പരിശോധിക്കുന്നതിനായി 17 പ്രധാന ജാഗ്രതാ സൂചകങ്ങളാണ് വ്യാപാരികൾക്കായി വ്യക്തമാക്കിയിട്ടുള്ളത്. കള്ളപ്പണം വെളുപ്പിക്കലിനെതിരെയുള്ള നിയമങ്ങൾ ശക്തമായി പാലിക്കുന്നതിനും, ഇത്തരം സാമ്പത്തിക കുറ്റകൃത്യങ്ങളുടെ അപകടസാധ്യതകൾ ആരംഭത്തിൽ തന്നെ കണ്ടെത്തി തടയുന്നതിനുമാണ് ഈ നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.ആവശ്യമായ തിരിച്ചറിയൽ രേഖകൾ നൽകാൻ വിസമ്മതിക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുക, അപൂർണ്ണമായതോ തെറ്റായതോ ആയ വിവരങ്ങൾ സമർപ്പിക്കുക, വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കുക, ഇടപാടിന്റെ ലക്ഷ്യം വ്യക്തമാക്കാൻ കഴിയാതെ വരിക, വ്യക്തിഗത വിവരങ്ങളോ ബിസിനസ്സ് വിവരങ്ങളോ അടിക്കടി മാറ്റുക എന്നിവ സംശയാസ്പദമായ പെരുമാറ്റങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു.
ഇതിനുപുറമേ, പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അനാവശ്യമായ രഹസ്യാത്മകത പുലർത്തുക, പരിശോധനാ നടപടികൾ പൂർത്തിയാകുന്നതിന് മുൻപ് ധൃതിപിടിച്ച് ഇടപാടുകൾ അവസാനിപ്പിക്കാൻ ശ്രമിക്കുക, വിലയോ ഗുണനിലവാരമോ നോക്കാതെ പണം മാറ്റിയെടുക്കാൻ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് സ്വർണം വാങ്ങുക, ജീവനക്കാരുടെ പരിശോധനകളെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടുള്ള പ്രകോപനപരമായതോ പരിഭ്രാന്തമായതോ ആയ പെരുമാറ്റം എന്നിവയും പ്രധാന മുന്നറിയിപ്പ് സൂചനകളാണ്.
സ്ഥാപനങ്ങളുടെ യഥാർത്ഥ ഉടമസ്ഥാവകാശം, നിയമപരമായ രേഖകൾ, സാമ്പത്തിക ഇടനിലക്കാർ, ഭൂമിശാസ്ത്രപരമായ സാമ്പത്തിക ബന്ധങ്ങൾ, സാധാരണ രീതികളിൽ നിന്ന് വ്യത്യസ്തമായ വ്യാപാര രീതികൾ എന്നിവയുമായി ബന്ധപ്പെട്ട അപകടസാധ്യതകളും പുതിയ ജാഗ്രതാ നിർദ്ദേശങ്ങളുടെ പരിധിയിൽ വരുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.



