കുവൈത്ത്സിറ്റി: അറബ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ അപലപിച്ച് അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം ചേർന്നു. ബഹ്‌റൈന്റെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴി നടന്ന യോഗത്തിൽ സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ജോർദാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ ഫെബ്രുവരി മുതൽ ഉണ്ടായ ബാലസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ സംയുക്തമായി അപലപിച്ചു. ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ അനുസരിച്ചുള്ള ആത്മരക്ഷാ അവകാശം അറബ് രാജ്യങ്ങൾക്കുണ്ടെന്നും ഇത്തരം ലംഘനങ്ങൾക്കെതിരെ നിയമപരമായും നയതന്ത്രപരമായും നഷ്ടപരിഹാരത്തിനായി നീങ്ങുമെന്നും അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഗെയ്ത് വ്യക്തമാക്കി.
അതേസമയം സമുദ്ര വ്യാപാര പാതകളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നത് ‘നിയമപരമായ കടൽക്കൊള്ള’യാണെന്ന് ജനീവയിൽ നടന്ന വിപ്പോ സമ്മേളനത്തിൽ കുവൈത്ത് തുറന്നടിച്ചു. ഹോർമുസ് കടലിടുക്ക് പോലുള്ള അന്താരാഷ്ട്ര ജലപാതകളിൽ ഇറാനും അവരുടെ പ്രാദേശിക അനുയായികളും ഏർപ്പെടുത്തുന്ന അനധികൃത നിയന്ത്രണങ്ങൾ ആഗോള സാങ്കേതിക വ്യാപാരത്തെയും ഗവേഷണങ്ങളെയും തടസ്സപ്പെടുത്തുന്നതായി കുവൈത്ത് പ്രതിനിധി അംബാസഡർ നാസർ അൽ ഹായൻ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽപ്പറത്തി കപ്പൽ ഗതാഗതത്തിന് ഭീഷണി ഉയർത്തുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ രാജ്യാന്തര ഇടപെടൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുവൈത്തിന്റെ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന വാർത്തയിൽ, ലാൻഡ് ഫോഴ്സ് എഞ്ചിനീയറിംഗ് യൂണിറ്റ് സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ നശിപ്പിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി കുവൈത്ത് സായുധ സേന അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം വരെ നീണ്ടുനിന്ന പരീക്ഷണങ്ങൾക്കിടയിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ സ്ഫോടക വസ്തുക്കൾ സുരക്ഷിതമായി നിർവീര്യമാക്കുന്നതിന്റെ ഭാഗമായിരുന്നുവെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും സൈനിക വക്താവ് വ്യക്തമാക്കി.
