കുവൈറ്റ് സിറ്റി: രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി നടത്തിയ കർശന പരിശോധനയെത്തുടർന്ന് കുവൈറ്റിൽ നാല് ഭക്ഷ്യസ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവ്. ജനറൽ ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റിയുടെ ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗമാണ് നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് രണ്ട് കശാപ്പുശാലകൾ, ഒരു കഫേ, ഒരു ബിസ്കറ്റ് ഫാക്ടറി എന്നിവ അടപ്പിച്ചത്.ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അതോറിറ്റി നിരന്തരമായി നടത്തുന്ന പരിശോധനാ കാമ്പെയ്‌ന്റെ ഭാഗമായായിരുന്നു ഈ നടപടി. പരിശോധനയിൽ അതീവ ഗുരുതരമായ ആരോഗ്യ-നിയന്ത്രണ ലംഘനങ്ങളാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
ഭക്ഷ്യോത്പാദനത്തിലും വിതരണത്തിലും പുലർത്തേണ്ട അടിസ്ഥാന ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, ലൈസൻസിൽ പറഞ്ഞിട്ടുള്ള ആവശ്യങ്ങൾക്കല്ലാതെ മറ്റ് കാര്യങ്ങൾക്കായി സ്ഥാപനം ഉപയോഗിക്കുക, ഹെൽത്ത് ലൈസൻസിന്റെ കാലാവധി കഴിഞ്ഞിട്ടും പ്രവർത്തനം തുടരുക, അംഗീകൃത സാങ്കേതിക-ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത ഭക്ഷ്യവിഭവങ്ങൾ വിപണനം നടത്തുക എന്നിവയാണ് കണ്ടെത്തിയ പ്രധാന നിയമലംഘനങ്ങൾ എന്ന് അതോറിറ്റി വ്യക്തമാക്കി.നിയമലംഘനം നടത്തിയ ഈ നാല് സ്ഥാപനങ്ങൾക്കെതിരെയും കർശനമായ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായി നടപ്പാക്കുന്നതിനുമായി രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും ജനറൽ ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റി ആവർത്തിച്ചു വ്യക്തമാക്കി.



