കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറബ്, വിദേശ എയർലൈൻ സർവീസുകൾ ജൂൺ 1 മുതൽ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ ഷെയ്ഖ് ഹമൂദ് മുബാറക് അൽ സബാഹ് അറിയിച്ചു.
ഓപ്പറേഷണൽ സൗകര്യങ്ങളിലെ അറ്റകുറ്റപ്പണികളും വികസന പ്രവർത്തനങ്ങളും പൂർത്തിയാക്കി വിമാനത്താവളത്തിലെ സംവിധാനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സജ്ജീകരണം ഉയർത്തിയ ശേഷമാണ് സർവീസുകൾ പുനരാരംഭിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
യാത്രക്കാരുടെ സുരക്ഷയും എയർ ട്രാഫിക്കിന്റെ സുഗമമായ പ്രവർത്തനവും ഉറപ്പാക്കുന്ന രീതിയിലായിരിക്കും സർവീസുകൾ പുനരാരംഭിക്കുക. ടെർമിനൽ 1 (T1) ൽ ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കുന്നതിൽ സിവിൽ ഏവിയേഷൻ വകുപ്പ് പ്രതിബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിയൻ ആക്രമണങ്ങൾക്ക് പിന്നാലെ വിമാനത്താവളത്തിൽ നടത്തിയ നവീകരണ-പുനരുദ്ധാരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹ് വിമാനത്താവളം സന്ദർശിച്ചതായും അദ്ദേഹം അറിയിച്ചു.
വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ ഏജൻസികൾക്കും ആഭ്യന്തര മന്ത്രാലയത്തിനും കസ്റ്റംസ് വിഭാഗത്തിനും സിവിൽ ഏവിയേഷൻ ജീവനക്കാർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

