കുവൈറ്റ് സിറ്റി: രാജ്യത്തുടനീളം ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനായി കുവൈറ്റ് ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് നടപ്പിലാക്കിയ വ്യാപക പരിശോധനകളിൽ വൻ നടപടികൾ. സെപ്റ്റംബർ 21 മുതൽ 27 വരെയുള്ള ഏഴ് ദിവസത്തിനുള്ളിൽ 28,457 ഗതാഗത നിയമലംഘനങ്ങളാണ് അധികൃതർ രജിസ്റ്റർ ചെയ്തത്. റോഡുകളിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമായി പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
സുരക്ഷാ പരിശോധനകൾക്കിടയിൽ ഇഖാമ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞിരുന്ന 48 പേരെയും, വിവിധ കേസുകളിൽ അറസ്റ്റ് വാറന്റ് നിലവിലുണ്ടായിരുന്ന 43 പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ കാണാതായതായി പരാതി ലഭിച്ച 10 പേരെ കണ്ടെത്തുകയും, ലൈസൻസില്ലാതെ വാഹനമോടിച്ച രണ്ട് പ്രായപൂർത്തിയാകാത്തവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. കോടതി ഉത്തരവുപ്രകാരം കണ്ടുകെട്ടേണ്ട 20 വാഹനങ്ങളും ഗാരേജുകളിലേക്ക് മാറ്റി.
നിയമലംഘനങ്ങൾ നടത്തിയ 262 വാഹനങ്ങളും ബൈക്കുകളും ട്രാഫിക് ഇംപൗണ്ട് ഗാരേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയത് കാരണം 44 പേരെ ട്രാഫിക് ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി. ഏഴ് ദിവസത്തിനിടെ 1,426 സാധാരണ വാഹന അപകടങ്ങളും, പരിക്കുകളോടെയുള്ള 226 അപകടങ്ങളും ഉൾപ്പെടെ 1,652 അപകട റിപ്പോർട്ടുകളിലാണ് പോലീസ് ഇടപെട്ടത്. ഇതിനുപുറമേ ലഭിച്ച 2,846 അടിയന്തിര പരാതികളിലും ട്രാഫിക് വിഭാഗം വേഗത്തിൽ നടപടി സ്വീകരിച്ചു.



