കുവൈറ്റ് സിറ്റി: രാജ്യത്തെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് വൻതോതിൽ ഭക്ഷ്യ തട്ടിപ്പ് നടത്തിവന്ന അൽ-ഉഷൈരിജയിലെ ഒരു ഫാക്ടറി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആന്റ് ന്യൂട്രീഷൻ അധികൃതർ അടച്ചുപൂട്ടി. അധികൃതർ നടത്തിയ സംയുക്ത പരിശോധനയിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടുള്ള ഈ നിയമലംഘനം കണ്ടെത്തിയത്. ഏകദേശം 28,900 കിലോഗ്രാം പഴകിയ മത്സ്യവും വിതരണത്തിനായി തയ്യാറാക്കിയ ആയിരക്കണക്കിന് കിലോ ചെമ്മീനും അധികൃതർ പിടിച്ചെടുത്തു.
ഇറാനിൽ നിന്നുള്ള ശീതീകരിച്ച ചെമ്മീൻ സംസ്കരിച്ച ശേഷം സൗദിയിൽ നിന്നുള്ള ഫ്രഷ് ചെമ്മീൻ എന്ന വ്യാജേന വിപണനം നടത്തിയാണ് ഇവർ ഉപഭോക്താക്കളെ കബളിപ്പിച്ചിരുന്നത്. ഇത്തരത്തിൽ ലേബൽ മാറ്റി വിതരണത്തിന് തയ്യാറാക്കി വെച്ചിരുന്ന 18,204 കിലോഗ്രാം ചെമ്മീനും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പൊതുജനാരോഗ്യം വൻ ഭീഷണിയിലാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി.
തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ചതായും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നേരിടുമെന്നും അതോറിറ്റി അറിയിച്ചു. രാജ്യത്തുടനീളം പരിശോധനകൾ കർശനമാക്കാനാണ് തീരുമാനം. ഭക്ഷ്യമേഖലയിലെ കൃത്യമായ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിനും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമായി വരും ദിവസങ്ങളിലും കർശനമായ എൻഫോഴ്സ്‌മെന്റ് ക്യാമ്പയിനുകൾ തുടരുമെന്നും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആന്റ് ന്യൂട്രീഷൻ മുന്നറിയിപ്പ് നൽകി.
