കുവൈത്ത് സിറ്റി: നിയമലംഘകരെ പിടികൂടുന്നതിനും ഗതാഗത സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിനുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഹവല്ലി ഗവർണറേറ്റിൽ വ്യാപകമായ സുരക്ഷാ പരിശോധന നടന്നു. പബ്ലിക് സെക്യൂരിറ്റി അഫയേഴ്സ് സെക്ടർ മേധാവി മേജർ ജനറൽ അബ്ദുൽ അസിസ് ബന്ദർ അൽ-ഒമർ, ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് ജനറൽ ഡയറക്ടർ മേജർ ജനറൽ ഹുസൈൻ മുഹമ്മദ് ദാഷ്തി, അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് ഫാരിസ് അൽ-മുഅസ്സിബ് എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ബന്ധപ്പെട്ട സർക്കാരുദ്യോഗസ്ഥരുടെ സഹകരണത്തോടെ പരിശോധന പൂർത്തിയാക്കിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ ഊർജ്ജിത ശ്രമങ്ങളുടെ ഭാഗമായി ആകെ 602 നിയമലംഘനങ്ങളും നടപടികളുമാണ് രേഖപ്പെടുത്തിയത്.
ഇതിൽ 353 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുകയും, 90 തവണ ആളുകൾക്ക് ആവശ്യമായ മാനുഷിക സഹായങ്ങൾ നൽകുകയും ചെയ്തു. കൂടാതെ വാഹനങ്ങളിൽ 43 മുന്നറിയിപ്പുകൾ രേഖപ്പെടുത്തുകയും, പിടികിട്ടേണ്ടവരും കാണാതായവരുമായ 23 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സുരക്ഷയുടെ ഭാഗമായി 20 ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കുകയും, റെസിഡൻസി, ലേബർ നിയമങ്ങൾ ലംഘിച്ച 17 പേരെ പിടികൂടുകയും ചെയ്തു.
17 സുരക്ഷാ ഡിറ്റാച്ച്മെന്റുകൾ നടപ്പിലാക്കിയ പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 15 വാഹനങ്ങൾ നിരീക്ഷിക്കുകയും, തിരിച്ചറിയൽ രേഖകൾ ഇല്ലാതിരുന്ന 11 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട കേസുകളിൽ 6 പേരെയും, മദ്യം കൈവശം വെച്ചതിന് 2 പേരെയും, 4 തെരുവ് കച്ചവടക്കാരെയും പിടികൂടിയിട്ടുണ്ട്. ഇതിനുപുറമെ ഒരു പരിസ്ഥിതി ലംഘനവും അധികൃതർ രേഖപ്പെടുത്തിയിട്ടുണ്ട്.



