കുവൈറ്റ് സിറ്റി: ലോകവ്യാപകമായി ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുക്കുന്ന പ്രധാന കാരണം ഹൃദയസംബന്ധമായ രോഗങ്ങളാണെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് പ്രൊമോഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. അബീർ അൽ-ബഹ്‌വ വ്യക്തമാക്കി. ആഗോളതലത്തിൽ പ്രതിവർഷം 1.85 കോടിയോളം (18.5 മില്യൺ) ആളുകൾ ഹൃദോഗങ്ങൾ മൂലം മരണപ്പെടുന്നുണ്ടെന്നും, 2024-ലെ കണക്കുകൾ പ്രകാരം കുവൈറ്റിൽ മാത്രം പ്രതിവർഷം 3,686 മരണങ്ങൾ ഹൃദ്രോഗം മൂലം സംഭവിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
ലോക ആരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, ലോകവ്യാപകമായി ദശലക്ഷം ആളുകളിൽ 2,400 മുതൽ 2,500 വരെ ആളുകൾ ഹൃദ്രോഗം മൂലം മരണപ്പെടുന്നുണ്ട്. അതായത് ലക്ഷത്തിൽ 198 മുതൽ 248 വരെ ആളുകൾക്ക് ഹൃദയാഘാതവും അനുബന്ധ രോഗങ്ങളും കാരണം ജീവൻ നഷ്ടപ്പെടുന്നു.ഹൃദ്രോഗ ബോധവൽക്കരണ കാമ്പയിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് ഡോ. അബീർ അൽ-ബഹ്‌വ ഈ വിവരങ്ങൾ പങ്കുവെച്ചത്.
വ്യക്തികൾക്കും സമൂഹത്തിനും കൃത്യമായ ആരോഗ്യ ബോധവൽക്കരണം നൽകി ‘എല്ലാവർക്കും ആരോഗ്യം’ എന്ന ലക്ഷ്യം കൈവരിക്കാനാണ് ഹെൽത്ത് പ്രൊമോഷൻ വിഭാഗം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രത്യേകിച്ച് ജീവിതശൈലി രോഗങ്ങളും മാറാരോഗങ്ങളും വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ, തെറ്റായ ജീവിതരീതികളും ഭക്ഷണശീലങ്ങളും തിരുത്തി ആരോഗ്യകരമായ മാറ്റങ്ങൾ കൊണ്ടുവരുകയാണ് ബോധവൽക്കരണത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.



