കുവൈത്ത്സിറ്റി: മനുഷ്യാവകാശ രംഗത്ത് കുവൈത്തിന്റെ രാജ്യാന്തര പദവി ഉയർത്തുന്നതിനും വികസന കാഴ്ചപ്പാടുകൾ ശക്തിപ്പെടുത്തുന്നതിനും വിദേശകാര്യ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് മനുഷ്യാവകാശ കാര്യങ്ങൾക്കായുള്ള അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ ശൈഖ ജവാഹർ ഇബ്രാഹിം അൽ ദുഐജ് അൽ സബാഹ് വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയത്തിൽ നടന്ന മനുഷ്യാവകാശ റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനുള്ള ദേശീയ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ മൂന്നാമത് ഏകോപന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
2024–2026 കാലയളവിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ അംഗമെന്ന നിലയിൽ കുവൈത്ത് നൽകിയ സന്നദ്ധ വാഗ്ദാനങ്ങളുടെ തുടർച്ചയാണ് ഈ ശ്രമങ്ങളെന്ന് അവർ പറഞ്ഞു. കൂടാതെ, 2027–2029 കാലയളവിലേക്കുള്ള കൗൺസിൽ അംഗത്വത്തിനായി വീണ്ടും മത്സരിക്കാനുള്ള കുവൈത്തിന്റെ താല്പര്യവും അവർ യോഗത്തിൽ പങ്കുവെച്ചു.സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടി പ്രകാരം കുവൈത്ത് സമർപ്പിക്കേണ്ട നാലാമത് ആനുകാലിക റിപ്പോർട്ടിന്റെ തയ്യാറെടുപ്പുകൾ യോഗം വിലയിരുത്തി.
അടുത്ത ഒക്ടോബറിൽ ജനീവയിലാണ് ഈ റിപ്പോർട്ട് സമർപ്പിക്കേണ്ടത്. രാജ്യത്തെ മനുഷ്യാവകാശ ശുപാർശകൾ നടപ്പിലാക്കുന്നതിലും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതിലും കുവൈത്ത് പുലർത്തുന്ന ഗൗരവകരമായ സമീപനമാണ് ഇത്തരം യോഗങ്ങൾ അടിവരയിടുന്നത്. മനുഷ്യാവകാശ രംഗത്തെ ആഗോള പുരോഗതിക്കൊപ്പം കുവൈത്തിനെയും എത്തിക്കുകയാണ് ലക്ഷ്യമെന്ന് ശൈഖ ജവാഹർ കൂട്ടിച്ചേർത്തു.
