കുവൈത്ത് സിറ്റി: രാജ്യത്തെ വൈദ്യുതി, ജല ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലും പതറാതെ ജോലി ചെയ്ത് കുവൈത്ത് വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിലെ ജീവനക്കാർ. അതിഭീകരമായ ആക്രമണങ്ങളെയും വെല്ലുവിളികളെയും ധീരമായി നേരിട്ട്, രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ തടസ്സമില്ലാതെ ഉറപ്പാക്കുന്ന ഈ ഉദ്യോഗസ്ഥരെ ‘യഥാർത്ഥ ഹീറോകൾ’ എന്നാണ് രാജ്യം വിശേഷിപ്പിക്കുന്നത്. മിക്കവാറും സമയവും വൈദ്യുതി യൂണിറ്റുകളുടെയും ജല ശുദ്ധീകരണ പ്ലാന്റുകളുടെയും ഇരമ്പലുകൾക്കിടയിൽ ചെലവഴിക്കുന്ന ഇവർ, ജീവൻ പണയപ്പെടുത്തിയാണ് തങ്ങളുടെ ദൗത്യം നിർവ്വഹിക്കുന്നത്.
വൈദ്യുതി നിലയങ്ങൾക്കും ഹൈ-ട്രാൻസ്മിഷൻ ലൈനുകൾക്കും നേരെയുണ്ടായ ആക്രമണങ്ങളെത്തുടർന്ന് തകരാറിലായ സംവിധാനങ്ങൾ അതിവേഗത്തിൽ പുനഃസ്ഥാപിക്കുന്നതിൽ മന്ത്രാലയത്തിലെ വിദഗ്ധ സംഘം സമാനതകളില്ലാത്ത പ്രാവീണ്യമാണ് പ്രകടിപ്പിച്ചത്. ആക്രമണം നടന്ന നിമിഷം മുതൽ അതീവ ജാഗ്രത പ്രഖ്യാപിച്ച മന്ത്രാലയം, നേരത്തെ തയ്യാറാക്കിയിരുന്ന എമർജൻസി പ്ലാനുകൾ ഉടനടി നടപ്പിലാക്കി. ഫീൽഡ് വർക്ക് ടീമുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും സാങ്കേതിക-പ്രവർത്തന മേഖലകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കുകയും ചെയ്തു.
പ്രതിസന്ധി ഘട്ടത്തിലും ഷിഫ്റ്റ് സമ്പ്രദായമനുസരിച്ച് 24 മണിക്കൂറും മന്ത്രാലയത്തിലെ ജീവനക്കാർ കർമ്മനിരതരായിരുന്നു. യുദ്ധസമാനമായ സാഹചര്യത്തിലും രാജ്യത്തെ വൈദ്യുതി-ജല വിതരണം തടസ്സപ്പെടാതിരിക്കാൻ ഇവർ നടത്തിയ നിശബ്ദമായ പോരാട്ടം കുവൈത്തിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് വലിയ കരുത്താണ് പകരുന്നത്. വെല്ലുവിളികൾക്ക് മുന്നിൽ പതറാത്ത ഈ സേവനം രാജ്യത്തോടുള്ള ഇവരുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ അടയാളമായി മാറിക്കഴിഞ്ഞു.
